സിവില്‍ സ്‌റ്റേഷന്‍ റോഡിലെ തകര്‍ന്ന ഭാഗങ്ങള്‍ സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ അറ്റകുറ്റപ്പണി നടത്തണമെന്ന് കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍

ഇരിങ്ങാലക്കുട നഗരസഭ യോഗം റോഡ് അറ്റകുറ്റപ്പണി ചെലവ് സ്വകാര്യ സ്ഥാപനങ്ങൾ വഹിക്കണമെന്ന് ആവശ്യം ഇരിങ്ങാലക്കുട: സിവില്‍ സ്‌റ്റേഷന്‍ റോഡിലെ തകര്‍ന്ന ഭാഗങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള ചെലവ് സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഈടാക്കണമെന്ന് എല്‍.ഡി.എഫ് അംഗങ്ങളായ പി.വി. ശിവകുമാര്‍, സി.സി. ഷിബിന്‍, ബി.ജെ.പി അംഗം സന്തോഷ് ബോബന്‍ എന്നിവര്‍ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇവിടെ പ്രവര്‍ത്തിക്കുന്ന രണ്ടു വ്യാപാര സ്ഥാപനങ്ങള്‍ കാന ഉയര്‍ത്തി കെട്ടിയതാണ് വെള്ളക്കെട്ടിനും തുടര്‍ന്ന് റോഡ് തകരാനും ഇടയാക്കിയത്. അടിയന്തരമായി ഈ സ്ഥാപനങ്ങള്‍ ഇട്ട സ്ലാബ് നീക്കി വെള്ളം ഒലിച്ചു പോകാനുള്ള സൗകര്യം ഒരുക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. കുഴികളടയ്ക്കാന്‍ നഗരസഭ ക്വാറി വേയ്സ്റ്റ് അടിച്ചതില്‍ മുഴുവന്‍ കൂറ്റന്‍ കരിങ്കല്‍ കഷ്ണങ്ങളാണെന്നും ഇത് അപകടഭീഷണി വർധിപ്പിക്കുന്നുവെന്നും ആക്ഷേപം ഉയര്‍ന്നു. എന്നാല്‍ ആറു ലക്ഷം രൂപ ചെലവഴിച്ച് നഗരസഭ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന വാര്‍ത്തകള്‍ അവാസ്തവമാണന്ന് യു.ഡി.എഫ് അംഗം അഡ്വ. വി.സി. വര്‍ഗീസ് പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ചെയര്‍പേഴ്സൻ ചര്‍ച്ച നടത്തി. സ്ഥാപനങ്ങളുടെ സഹകരണത്തോടെ റോഡില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയുടെ പ്ലാസ്റ്റിക് ഷ്രെഡ്ഡിങ് യൂനിറ്റ് പ്രവര്‍ത്തനക്ഷമമാക്കാത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നു. എല്‍.ഡി.എഫ് അംഗം പി.വി. ശിവകുമാറാണ് വിഷയം ഉന്നയിച്ചത്. മൂന്നു മാസം മുമ്പ് മന്ത്രി ഉദ്ഘാടനം നടത്തിയെങ്കിലും 13 ലക്ഷത്തിന് നിർമിച്ച യൂനിറ്റ് പ്രവർത്തനക്ഷമമായിട്ടില്ല. ട്രഞ്ചിങ് ഗ്രൗണ്ടില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നഗരസഭ നിര്‍മാണം ആരംഭിച്ച ഇന്‍സിനേറ്ററും, ഖരമാലിന്യ സംസ്‌കരണ പ്ലാൻറും പാതി വഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് ഷ്രെഡ്ഡിങ് യൂനിറ്റില്‍ പ്ലാസ്റ്റിക് കുന്നുകൂടി കിടക്കുകയാണ്. ഇലക്ട്രിക്കല്‍ ജോലികൾക്ക് കരാർ നല്‍കിയിട്ടുണ്ടെന്നും ഒരു മാസത്തിനകം പണി പൂര്‍ത്തിയാകുമെന്നും മുനിസിപ്പല്‍ സെക്രട്ടറി വിശദീകരിച്ചു. സെപ്റ്റംബറില്‍ എല്ലാ വാര്‍ഡുകളില്‍ നിന്നും പ്ലാസ്റ്റിക് ശേഖരിച്ച് യൂനിറ്റ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ചെയര്‍പേഴ്സൻ നിമ്യ ഷിജു അറിയിച്ചു. ഇപ്പോതന്നെ ശരിയാക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്ന ചെയര്‍പേഴ്സ​െൻറ പരാമർശത്തില്‍ എല്‍.ഡി.എഫ് അംഗങ്ങള്‍ പ്രതിഷേധിച്ചു. നഗരസഭയിലെ നികുതി വരുമാനം വര്‍ധിപ്പിക്കണമെന്ന് ഭരണ-പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു. 2017-2018 വര്‍ഷത്തെ നഗരസഭയുടെ ധനകാര്യ പത്രിക സംബന്ധിച്ച് അജണ്ടയില്‍ ഇടപെട്ടു സംസാരിക്കുകയായിരുന്നു അംഗങ്ങള്‍. നഗരസഭയില്‍ മാസം 50 ലക്ഷം രൂപ വരുമാനവും 65 ലക്ഷം രൂപ ചെലവും വരുന്നതായി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. പൊറത്തിശ്ശേരി മേഖലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 34 ലക്ഷം രൂപ കുടിശ്ശികയായി പിരിച്ചെടുക്കാനുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അംഗങ്ങളായ എം. ആര്‍. ഷാജു, പി.എ. അബ്ദുൽ ബഷീര്‍, സോണിയ ഗിരി, എം.സി. രമണന്‍, മീനാക്ഷി ജോഷി, സന്തോഷ് ബോബന്‍, രമേഷ് വാര്യര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.