കോർപറേഷനിൽ ധൂർത്തെന്ന് ആക്ഷേപം

തൃശൂർ: കോർപറേഷനിൽ യാത്രചെലവിനത്തിൽ ധൂർത്തെന്ന് ആക്ഷേപം. 2017---18 വർഷത്തിൽ യാത്രക്ക് മാത്രമായി ബത്തയിനത്തിൽ 49,71,251ഉം, വാഹന വാടകയിനത്തിൽ 34,68,180 രൂപയുമാണ് ചെലവഴിച്ചിരിക്കുന്നത്. മേയറടക്കമുള്ള ഭരണസമിതിയംഗങ്ങളുടെ യാത്രകൾക്ക് വേണ്ടി ഒരു കോടിയോളം ചെലവിട്ട് ജനങ്ങളുടെ നികുതിപ്പണം ധൂർത്തടിച്ചതായി പ്രതിപക്ഷനേതാവ് എം.കെ. മുകന്ദനും ഉപനേതാവ് ജോൺ ഡാനിയേലും ആരോപിച്ചു. കോർപറേഷന് ലഭിക്കുന്ന വീട്ടുനികുതി ഉൾപ്പെടെയുള്ള വിവിധ നികുതികൾ ചെറുകിട കച്ചവടക്കാരുടെ അടക്കമുള്ള ലൈസൻസ് ഫീസുകൾ എന്നിങ്ങനെ കോർപറേഷന് ലഭിക്കുന്ന തനതു ഫണ്ടിൽനിന്നാണീ ധൂർത്ത്. തിരുവനന്തപുരത്തേക്ക് പോകാൻ ഇത്രയും തുക എഴുതി എടുത്തിട്ടുള്ളത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇത്തരം യാത്രകളിൽനിന്ന് കോർപറേഷന് ഉണ്ടായ നേട്ടം എന്തൊക്കെയാണെന്ന് മേയർ വ്യക്തമാക്കണം. കോർപറേഷനിൽ ഇന്ന് നടക്കുന്ന എല്ലാ വികസന പ്രവർത്തനങ്ങളും പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ്. രണ്ട് വർഷമായി തനതു ഫണ്ടിൽനിന്ന് ഒരു രൂപ പോലും ഒരു ഡിവിഷനും അനുവദിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഭൂരിപക്ഷം കൗൺസിലർമാരും എതിർപ്പ് ഉള്ളവരുമാണ്. മേയർ, ഡെപ്യൂട്ടി മേയർ, സെക്രട്ടറി എന്നിവർക്ക് ഡ്രൈവറുൾപ്പെടെ കാർ സൗകര്യമുണ്ട്. കോർപറേഷന് സ്വന്തമായി 12 കാറുകൾ ഉണ്ടെന്നിരിക്കെ 35 ലക്ഷത്തോളം കാർ വാടകയിനത്തിൽ ചെലവഴിച്ചത് എന്തിനെന്ന് വ്യക്തമാക്കണം. ഒന്നാമത്തെ അജണ്ടയിൽ തന്നെ 83,11,325 രൂപ പലവക ഭരണത്തിന് ചെലവഴിച്ചിട്ടുള്ളത് ഏത് ഇനത്തിനാണെന്ന് മേയർ വ്യക്തമാക്കണം. പാലങ്ങളുടെ അറ്റകുറ്റപണിക്കുവേണ്ടി 27,31,614 രൂപയും യന്ത്രങ്ങളുടെ അറ്റക്കുറ്റപ്പണിക്ക് 3,66,117 രൂപയും ചെലവിട്ടുവെന്നുമുള്ള കണക്കുകളിൽ വ്യക്തത വരുത്തണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.