പഴഞ്ഞി: കാളി -ദാരിക യുദ്ധം പുനർസൃഷ്ടിക്കുന്ന കാട്ടകാമ്പാൽ ഭഗവതി ക്ഷേത്ര ഉത്സവം വർണാഭമായി. വ്യാഴാഴ്ച വിശേഷ പൂജകളോടെയാണ് പൂരത്തിന് തുടക്കമായത്. ഭഗവതിയെ വലിയമ്പലത്തിലേക്ക് എഴുന്നള്ളിച്ച് ദാരികനുമായി നടക്കുന്ന യുദ്ധത്തില്‍ വിഘ്നങ്ങള്‍ ഒഴിവാക്കാനായി ഗണപതിക്കിടല്‍, ബ്രാഹ്മണിയമ്മ പാട്ട് എന്നിവ നടത്തി. ഉച്ചയോടെ ദേവസ്വം പൂരം എഴുന്നള്ളിപ്പ് ആരംഭിച്ചു. കൊമ്പന്‍ അക്കിക്കാവ് കാര്‍ത്തികേയന്‍ തിടമ്പേറ്റി. ഇതേ സമയം, മേഖലയിലെ 30 കമ്മിറ്റികളുടെ നേതൃത്വത്തിൽ ആനകളും വാദ്യമേളങ്ങളുമായി എഴുന്നള്ളിപ്പുകള്‍ ആരംഭിച്ചു. ഗ്രാമവീഥികളിലൂടെ ആര്‍പ്പുവിളികളും ആവേശവുമായി നീങ്ങിയ പൂരാഘോഷങ്ങൾ വൈകിട്ട് ക്ഷേത്രത്തിന് സമീപം ആല്‍മരചുവട്ടില്‍ സംഗമിച്ചു. തിടമ്പേറ്റിയ കൊമ്പന് വലംപറ്റായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും ഇടംപറ്റായി തൃക്കടവൂര്‍ ശിവരാജുവും നിലയുറപ്പിച്ചു. കൂട്ടിയെഴുന്നള്ളിപ്പില്‍ 30 ആനകള്‍ അണിനിരന്നു. കക്കാട് രാജപ്പന്‍ മാരാരുടെ പ്രാമാണിത്വത്തിലുള്ള പാണ്ടിമേളത്തിെൻറ അകമ്പടിയോടെ കൂട്ടിയെഴുന്നള്ളിപ്പ് നടക്കുന്നതിനിടെ ആദ്യം ദാരിക സംഘവും പിന്നീട് കാളിയും പൂരപ്പറമ്പിലെത്തി. രഥത്തിലേറി ആല്‍മരം ചുറ്റി മതിലകത്തേക്ക് പട നയിച്ച കാളി-ദാരികമാര്‍ വാളുകള്‍ വീശിയതോടെ കാണികള്‍ ആവേശത്തിലായി. മതിലകത്ത് നടന്ന വാക്പോരില്‍ കുപിതയായ കാളിയെ കണ്ട് ദാരികന്‍ മായയില്‍ മറയുന്ന സങ്കല്‍പത്തോടെയാണ് പകല്‍പൂരത്തിന് സമാപനമായത്. വെള്ളിയാഴ്ച പുലര്‍ച്ച പാലയ്ക്കല്‍ കാവിലെത്തുന്ന ഭഗവതിയെ ആദ്യം കാളിയും പിന്നീട് ദാരികനും പറവെച്ച് സ്വീകരിക്കും. തുടര്‍ന്ന് ക്ഷേത്രത്തിലെത്തുന്ന കാളിയും ദാരികനും രഥത്തിലേറി സംവാദം ആരംഭിക്കും. യുദ്ധത്തില്‍ തോറ്റോടി ഒളിച്ചിരിക്കുന്ന ദാരികനെ വധിക്കാനെത്തുമ്പോള്‍ കൊല്ലരുതെന്ന് അപേക്ഷിക്കും. അവതാര ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ദാരികനെ വധിക്കുന്നതിന് തുല്യമായി കിരീടവുമായി കാളി മടങ്ങുന്നതോടെയാണ് പൂരം സമാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.