36 സുന്ദര മണിക്കൂറുകൾ

തൃശൂർ: മനുഷ്യനും പ്രകൃതിയും തമ്മിലെ താളനിബിഡമായ കൂട്ടപ്പൊരിച്ചിലി​െൻറ സുന്ദര 36 മണിക്കൂറാണ് തൃശൂർപൂരം. ആസ്വാദനത്തി​െൻറ ആനന്ദലബ്ധിയിൽ അവ നിമിഷങ്ങളിലേക്ക് ഒതുങ്ങുേമ്പാൾ വിണ്ണും മണ്ണും മനവും ഒന്നായിത്തീരുന്ന ഭാവപ്രകടനമായി മാറുന്നു. വൈവിധ്യങ്ങള്‍ പൂത്തുലയുന്ന മാസ്മര ചടങ്ങുകളാണ് പുരുഷാരത്തെ ദിക്കുതാണ്ടി ഇങ്ങോട്ട് എത്തിക്കുന്നത്. തേക്കിന്‍കാടെന്ന പ്രഭവകേന്ദ്രത്തിൽ നിന്നും പിറവിയെടുത്ത് സ്വരാജ്റൗണ്ടിെന വലംവെച്ച് പൂരം പെയ്തിറങ്ങുേമ്പാൾ വ്യത്യസ്ത ഭാവങ്ങളാല്‍ മാനസങ്ങള്‍ പൂത്തുലയും. പുലര്‍ച്ചെ നാലരയോടെ മഞ്ഞി​െൻറ അകമ്പടിയിൽ പുറപ്പെടുന്ന കണിമംഗലം ശാസ്താവ് കുളശേരിക്ഷേത്രത്തില്‍ വിശ്രമിച്ച് ഏഴരയോടെ വടക്കുന്നാഥ​െൻറ സന്നിധിയില്‍ എത്തുന്നതോടെ പൂരവിസ്മയത്തിന് തിരിതെളിയും. വടക്കുന്നാഥ​െൻറ ശ്രീമൂലസ്ഥാനത്ത് നിന്ന് പിന്നെ പൂരം കൊട്ടിക്കയറും. മേളപ്രപഞ്ചത്തി​െൻറ വരവറിയിച്ച് വൈവിധ്യങ്ങളെ ഒരു ചരടില്‍ കോര്‍ക്കുന്ന വാദ്യങ്ങളുടെ ഘോഷയാത്രയുമായി ബാക്കി ഏഴ് ചെറുപൂരങ്ങളുമെത്തും. പിന്നെ അരയാല്‍ തണലിലെ പഞ്ചവാദ്യം. ഏഴരയോടെ തിരുവമ്പാടി ക്ഷേത്രത്തില്‍ നിന്നും എഴുന്നള്ളിപ്പായി എത്തുന്ന മഠത്തില്‍ വരവിന് തിടമ്പേറ്റി ചെറിയ ചന്ദ്രശേഖരനും രണ്ടാനകളും അണിനിരക്കും. പതികാലത്തില്‍ തുടങ്ങി കോങ്ങാട് മധുവും സംഘവും തീര്‍ക്കുന്ന വീരപ്രകടനത്തിന് തിരശ്ശീല വീഴുമ്പോള്‍ മഠത്തിന് ചുറ്റും ജനത്തി​െൻറ ആനന്ദനൃത്തം. മഠത്തില്‍ വരവി​െൻറ ഘോഷയാത്രക്ക് ഒപ്പം സ്വരാജ്റൗണ്ടിലേക്ക്. നായ്ക്കനാലില്‍ തിമില താളം മുറുകിയാല്‍ പാണ്ടിമേളത്തിനായി അപ്പുറത്ത് ചെണ്ടയില്‍ കോലുവീഴും. പൂരക്കാഴ്ച്ചകളിലേക്ക് കണ്ണയച്ച് സൂര്യന്‍ ജ്വലിക്കുമ്പോള്‍ പെരുവനം പെരുമയുടെ മേളപ്രകടനത്തിന് ഇലഞ്ഞിത്തറ സാക്ഷിയാവും. ചൂടിനെ വകവെക്കാതെ പുരുഷാരം അവിടെ ഒരുമിക്കും. ഇലഞ്ഞിത്തണലില്‍ തകൃതകൃതയുടെ അവസാനകാലം കൊട്ടുമ്പോഴേക്കും ആരവങ്ങള്‍ വാനോളമാവും. തെക്കേഗോപുരനടയില്‍ വര്‍ണം വാരിവിതറുന്ന കുടമാറ്റമാണ് തുടര്‍ന്ന്. നിറക്കുടകളും നിലക്കുടകളും അരങ്ങുവാണ ഇന്നെലകള്‍ എല്‍.ഇ.ഡി, ഡിജിറ്റൽ കുടകള്‍ക്കും വഴിമാറുമ്പോള്‍ ആള്‍പെരുമഴ വിവിധഭാവങ്ങളില്‍ ചറപറ പെയ്യും. ജനസാഗരത്തി​െൻറ ഇരുകരകളിലുമായി പാറമേക്കാവും തിരുവമ്പാടിയും കുട ഉയര്‍ത്തി മത്സരിക്കുമ്പോള്‍ ചേരിതിരിയാതെ പുരുഷാരം ഇരുവിഭാഗത്തെയും പ്രോത്സാഹിപ്പിക്കും. രഹസ്യമാക്കിവെച്ച സ്പെഷല്‍ കൂടി വിണ്ണിൽ ഉയരുേമ്പാൾ പിൻവാങ്ങാൻ മടിച്ച് സായാഹ്നവും നേരത്തെ വരാൻ കൊതിച്ച് സന്ധ്യയും തമ്മിലെ മാത്സര്യം കാണാം. പകല്‍പൂര ചടങ്ങുകള്‍ രാത്രി എട്ടോടെ വീണ്ടും തുടങ്ങി പുലര്‍ച്ചെ ഒന്നു വരെ തുടരും. തുടര്‍ന്ന് പുലര്‍ച്ചെ മൂന്നോടെ ആകാശത്തേക്ക് ഭൂമിയില്‍ നിന്ന് മഴവില്ല് തീര്‍ക്കുന്ന വെടിക്കെട്ടിനായി പുരുഷാരം ഉറക്കമൊഴിച്ച് കാത്തിരിക്കും. പിറ്റേന്ന് ഉപചാരം ചൊല്ലി പിരിയുന്നതിന് മുമ്പ് പൂരനിറവി​െൻറ രുചിഭേദങ്ങള്‍ സമ്മേളിച്ച പൂരക്കഞ്ഞി കുടിച്ചവർ അടുത്തപൂരത്തിനായി കാത്തിരിപ്പാരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.