തൃശൂർ: 1957 മുതൽ 20 കൊല്ലം ഇലഞ്ഞിത്തറ മേള പ്രമാണിയായിരുന്നു പരിയാരത്ത് കുഞ്ഞൻ മാരാർ. പലരുടെയും ഗുരുതുല്യൻ. 20 കൊല്ലം മേളപ്രമാണിയെന്ന റെക്കോഡ് ആരും ഭേദിച്ചിട്ടില്ല. നാല് പതിറ്റാണ്ടിന് ശേഷം ഇൗ റെക്കോഡിന് ഒപ്പം എത്തിയിരിക്കുകയാണ് പെരുവനം കുട്ടൻ മാരാർ. അടുത്ത വർഷം പ്രമാണിയായാൽ ഇദ്ദേഹം ചരിത്ര നേട്ടം കുറിക്കും. 1957-76 വർഷങ്ങളിലായിരുന്നു പരിയാരത്ത് കുഞ്ഞൻ മാരാർ പ്രമാണിയായത്. തുടർന്ന് മൂന്ന് വർഷം പല്ലശ്ശന പത്മനാഭ മാരാരായിരുന്നു. പിന്നീട് നാല് വർഷം പരിയാരത്ത് കുഞ്ചു മാരാർ. തുടർന്ന് പല്ലാവൂർ അപ്പുമാരാർ ആ സ്ഥാനത്തെത്തി. 13 വർഷം അദ്ദേഹം തുടർന്നു. പിന്നീട് ചക്കുംകുളം അപ്പുമാരാരെത്തി. ശേഷം 1998ൽ രാമങ്കണ്ടത്ത് അപ്പു മാരാർക്കായിരുന്നു പ്രാമാണ്യം. ഇതിനിടെ, 1977ൽ പെരുവനം ഇലഞ്ഞിച്ചോട്ടിലെത്തി-24ാം വയസ്സിൽ. 1997ൽ ചക്കുംകുളം പ്രമാണിയായിരുന്നപ്പോൾ വലതു ഭാഗത്ത് രാമങ്കണ്ടത്ത് അപ്പു മാരാരും ഇടതു ഭാഗത്ത് താനുമായിരുന്നെന്ന് കുട്ടൻമാരാർ. പ്രമാണിയുടെ വലത്തും ഇടത്തും നിൽക്കുന്ന സ്ഥാനങ്ങൾക്ക് മേളത്തിൽ വലിയ പ്രാധാന്യമുണ്ട്. തൊട്ടടുത്ത കൊല്ലം രാമങ്കണ്ടത്ത് അപ്പു മാരാർ പ്രമാണിയായപ്പോൾ വലത്ത് പെരുവനമായിരുന്നു. രാമങ്കണ്ടത്ത് ഒഴിഞ്ഞപ്പോൾ കുട്ടൻമാരാർ പ്രമാണിയായി. '99ൽ. അന്ന് പ്രായം 45. ഇലഞ്ഞിത്തറ മേളത്തിൽ ഏറ്റവും പ്രായം കുറഞ്ഞ പ്രമാണിയെന്ന വിശേഷണം കുട്ടൻ മാരാർക്കായി. അന്ന് പാറമേക്കാവ് ദേവസ്വത്തിെൻറ തീരുമാനം ശരിയായിരുന്നു. അർഹിക്കുന്ന അംഗീകാരമാണ് തനിക്ക് ലഭിച്ചത്. അതുകൊണ്ടാണ് ഇത്രയും വർഷം തുടരാൻ കഴിഞ്ഞത്. അർഹമല്ലാത്തത് നേടിയാൽ അത് നിലനിൽക്കില്ല -64 പിന്നിട്ട കുട്ടൻ മാരാർ പറഞ്ഞു. പ്രധാന ഉത്സവങ്ങൾക്കും പൂരങ്ങൾക്കും പ്രാമാണ്യം വഹിച്ച പരിചയ സമ്പത്തുമായാണ് കുട്ടൻ മാരാർ ഇലഞ്ഞിത്തറ മേളത്തിെൻറ പ്രാമാണ്യം ഏറ്റെടുത്തത്. 1982ൽ ഗുരുവായൂർ ദശമി വിളക്കിന് പ്രമാണിയായി. പിന്നീട് പെരുവനം പൂരത്തിൽ ചാത്തക്കുടത്തിെൻറയും ഉൗരകത്തിെൻറയും പ്രമാണിയായി. '85ൽ ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിലും തൃപ്പൂണ്ണിത്തുറയിലും ഒരു നേരം നേതൃത്വം വഹിച്ചു. 1987ൽ അച്ഛൻ പെരുവനം അപ്പുമാരാരുടെ നിര്യാണശേഷം തൃപ്പൂണ്ണിത്തുറ, ഇരിങ്ങാലക്കുട, ഗുരുവായൂർ എന്നിവിടങ്ങളിൽ പ്രമാണിയായി. ആ പ്രാവീണ്യവും ഇലഞ്ഞിത്തറ മേളത്തിെൻറ നെടുനായകത്വത്തിലെത്താൻ സഹായിച്ചു. കഴിവുകൾക്കുള്ള അംഗീകാരം എന്ന നിലയിലാണ് രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ചത്. ഗീതയാണ് ഭാര്യ. മക്കൾ: കവിത, കാർത്തിക്. കാർത്തിക് ഇലഞ്ഞിത്തറ മേള സംഘത്തിലുണ്ട്. ചൊവ്വാഴ്ച്ച നെയ്തലക്കാവിെൻറ വരവിൽ കുട്ടൻ മാരാർക്കൊപ്പം കാർത്തിക്കും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.