തൃശൂര്‍: തെക്കേചരുവില്‍ ആര്‍പ്പുവിളികളും ആരവങ്ങളുമുയര്‍ന്നു. പൂരനാളിൽ കുടമാറ്റത്തിന് മാത്രം തിങ്ങിനിറയുന്ന തെക്കേചരുവിൽ പൂരത്തിന് മുമ്പ് തന്നെ പകൽപ്പൂരമായി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രെൻറ ശിരസ്സിലേറിയെത്തിയ നെയ്തലക്കാവിലമ്മ വടക്കുന്നാഥെൻറ തെക്കേ ഗോപുരവാതിൽ തുറന്നിട്ടു. ഇനി മതിവരാത്ത പൂരക്കാഴ്ചകളാണ്. മേളപ്പെരുക്കങ്ങളും ആര്‍പ്പുവിളികളും ആരവങ്ങളും ആവേശവുമുയര്‍ത്തി മനസ്സുകൾ പൂരത്തിലായി. തൃശൂര്‍ പൂരത്തിെൻറ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ച് നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിെൻറ തെക്കേഗോപുരനട തുറന്നത്. രാവിലെ എട്ടരയോടെ കുറ്റൂര്‍ നെയ്തലക്കാവില്‍ നിന്ന് നടപ്പാണ്ടിയുടെ അകമ്പടിയോടെ പുറപ്പെട്ട നെയ്തലക്കാവിലമ്മ ഒമ്പതരയോടെ മണികണ്ഠനാലില്‍ നിന്ന് തേക്കിന്‍കാട്ടിലേക്ക് കയറി. ഇവിടെയെത്തിയപ്പോള്‍ പാണ്ടി, മേളത്തിലേക്ക് കടന്നു. പെരുവനം കുട്ടന്മാരാരുടെ പ്രമാണത്തില്‍ കക്കാട് രാജപ്പൻമാരാരടക്കമുള്ള നൂറിലേറെ കലാകാരന്മാര്‍. ശ്രീമൂലസ്ഥാനത്ത് പതിവിലേറെ സമയം മേളം മുറുകി. പിന്നെ നിലപാട് തറയില്‍ നെയ്തലക്കാവിലമ്മ കയറി നിന്നതോടെ തൃശൂര്‍ പൂരത്തിെൻറ വിളംബരം അറിയിച്ച് മൂന്ന് തവണ മാരാര്‍ ശംഖനാദം മുഴക്കി. 11 കഴിഞ്ഞ് പടിഞ്ഞാറെ ഗോപുരനട വഴി വടക്കുന്നാഥനില്‍ പ്രവേശിച്ച് വടക്കുന്നാഥെൻറ അനുമതി വാങ്ങി തെക്കേ ഗോപുരവാതില്‍ തള്ളി തുറക്കുമ്പോള്‍... കനത്ത വെയിൽ അവഗണിച്ചും അക്ഷമയോടെ ആസ്വാദകരുടെയും ആരാധകരുടെയും കാത്തിരിപ്പ്. 11.50ന് അകവാതിലിനരികെ ചെണ്ടയിൽ മേളപ്പെരുക്കം...വാതിൽ തുറക്കുന്ന ശബ്ദം കേട്ടതോടെ പുരുഷാരം ആഹ്ലാദാരവത്തിലായി....തിടമ്പേറ്റിയ ഗജരാജൻ തുമ്പിയുയർത്തി വിളംബരം നടത്തി. അവിസ്മരണീയ കാഴ്ചയുടെ സുകൃതം നുകരാന്‍ ആവേശവും ആഹ്ലാദവും ആര്‍പ്പുവിളികളുമായി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള ആയിരങ്ങള്‍. ആവേശം കൊണ്ട് തെക്കേചരുവിൽ ആൾപ്പൂരമായി. ഗോപുര വാതിൽ തുറന്ന് തുമ്പിയുയര്‍ത്തി രാമചന്ദ്രൻ മൂന്ന് തവണ പ്രണാമമര്‍പ്പിച്ചു. ഇതും കൂടിയായപ്പോള്‍ പൂരപ്രേമികളുടെ ആവേശം ഇരട്ടിയായി. ഹർഷാരവവും മുദ്രാവാക്യം വിളിയും. മേളം കൊട്ടിക്കലാശിച്ച ശേഷം ദേവി വീണ്ടും നിലപാട് തറയില്‍ കയറി നിന്ന് ക്ഷേത്രത്തിലേക്ക് തന്നെ മടങ്ങി. തൃശൂര്‍ പൂരത്തിനും ശിവരാത്രിക്കും മാത്രമാണ് വടക്കുന്നാഥെൻറ തെക്കേഗോപുരനട തുറക്കുന്നത്. പ്രശസ്തമായ തെക്കൊട്ടിറക്കവും കുടമാറ്റവും അരങ്ങേറുന്നതും ഇവിടെയാണ്. പൂരനാളില്‍ ആദ്യം ക്ഷേത്രത്തിലെത്തുന്ന കണിമംഗലം ശാസ്താവുള്‍പ്പെടെയുള്ളവര്‍ നെയ്തലക്കാവിലമ്മ തുറന്നിട്ട തെക്കേഗോപുരം വഴിയാണ് അകത്തേക്ക് പ്രവേശിക്കുക. ഈ വഴിയാണ് കുടമാറ്റത്തിനുള്ള തിരുവമ്പാടി--പാറമേക്കാവ് ഭഗവതിമാരുടെ തെക്കോട്ടിറക്കം നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.