ആനക്കുളി കണ്ട് കൗതുകം തീരാതെ...

തൃശൂർ: കുളികഴിഞ്ഞ്, ചന്തമോടെ നിരന്ന കൊമ്പൻമാരെ കണ്ടിട്ടും കണ്ടിട്ടും കൗതുകം തീരുന്നില്ല. കുട്ടികളും മുതിർന്നവരുമെന്ന വ്യത്യാസമില്ലാതെയായിരുന്നു പൂരത്തിനെഴുന്നള്ളുന്ന കൊമ്പന്മാരെ കാണാൻ തേക്കിൻകാട്ടിലേക്കുള്ള ആളുകളുടെ ഒഴുക്ക്. പൂരത്തലേന്ന് ആനകളുടെ ആരോഗ്യസ്ഥിതി പരിശോധിക്കാനും, ആന പ്രദർശനവും പൂരക്കാഴ്ചയിലെ കൗതുകമായി. മന്ത്രി വി.എസ്. സുനിൽകുമാറും ആന പ്രദർശനം കാണാനെത്തിയിരുന്നു. അമ്പതുപേർ അടങ്ങിയ സംഘമാണ് ആനകളെ പരിശോധിച്ചത്. ഡോ.എ.എസ്. വിജയകുമാറും കെ.സി. തങ്കച്ചനും നേതൃത്വം നൽകി. 50 പേർ രണ്ടുസംഘമായി തിരിഞ്ഞു. ഡോ.പി.ബി. ഗിരിദാസും ഡോ.എം.കെ. പ്രദീപ് കുമാറും എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു സംഘവും, ഡോ.എം.കെ. ഗിരിജ, ഡോ.വിവേക് എന്നിവരുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘവുമായി രണ്ടായി തിരിഞ്ഞായിരുന്നു പരിശോധന. രാത്രി ഏറെ വൈകിയ പരിശോധനയിൽ ആറ് ആനകളുടെ മൈക്രോ ചിപ്പ് മെഷീനിൽ റീഡ് ചെയ്യാതിരുന്നതിനെ തുടർന്ന് രണ്ട് തവണയായാണ് പരിശോധന പൂർത്തിയാക്കിയത്. ഇതിനിടെ ഘടകപൂരങ്ങളിൽ കണിമംഗലത്തിന് വേണ്ടി എഴുന്നള്ളിക്കുന്ന ഒരു ആനയെ എഴുന്നള്ളിക്കാനാവില്ലെന്ന് ചികിത്സകർ നിർദേശിച്ചതിനെ തുടർന്ന് പാറമേക്കാവ് വിഭാഗം മറ്റൊരു ആനയെ അനുവദിച്ചു. ദീപാലങ്കാരങ്ങൾ, സ്വരാജ് റൗണ്ടിൽ തലയുയർത്തിയ നിലപ്പന്തലുകളുടെ വെളിച്ചാലങ്കാരങ്ങൾ, ആനച്ചമയ പ്രദർശനങ്ങൾ...തുടങ്ങിയവ കാണാനെത്തിയവർ പലയിടത്തും പരസ്പരം കൂട്ടിമുട്ടി പുതിയ സൗഹൃദങ്ങളായി. ഓരോ കൊമ്പനു മുന്നിലും സെല്‍ഫിയെടുത്തും ആനയഴകു പകര്‍ത്താനും ആസ്വാദകർ മൽസരിച്ചു. വര്‍ണബലൂണുകള്‍ക്കും ഇതര സംസ്ഥാനത്തു നിന്നുള്ള ആഭരണ വിൽപനക്കാർക്കു ചുറ്റുമെല്ലാം ആളുകൾ തടിച്ചു കൂടി. ഉച്ച കഴിഞ്ഞതോടെ തന്നെ നഗരം തിരക്കിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.