നടക്കൽ കുട സമർപ്പിക്കാൻ മന്ത്രി സുനിൽകുമാറും

തൃശൂർ: കമ്യൂണിസ്റ്റ് പാർട്ടി നേതാവും പുരോഗമനവാദിയും ആണെന്നതോ സംസ്ഥാന മന്ത്രിസഭയിലെ യുവതുർക്കി ആണെന്നതോ ഒന്നും കൃഷി മന്ത്രി വി.എസ്. സുനിൽകുമാറിന് പ്രശ്നമല്ല. പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുമുറി തന്നെ തിന്നും; പൂരപ്പറമ്പിലെത്തിയാൽ അവിടെ കിടന്ന് പുളയും. തൃശൂർ പൂരം തുടങ്ങിയതിൽപിന്നെ കൃഷിവകുപ്പ് തന്നെ മറന്ന് സുനിൽകുമാർ പൂരത്തിൽ അലിഞ്ഞ്ചേർന്നിരിക്കുകയാണ്. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം മേലാളന്മാർക്ക് പോലും ലജ്ജ തോന്നും വിധം പൂരപ്രമാണിയുടെ വേഷം കെട്ടിയ യുവ കമ്യൂണിസ്റ്റ് മന്ത്രി ക്ഷേത്രങ്ങളിൽ നടന്ന തൃശൂർ പൂരത്തിനുള്ള വഴിപാട് കുടകളുടെ സമർപ്പണത്തിൽ വരെ പ്രാമാണ്യസ്ഥാനത്ത് നിന്നു. സാധാരണഗതിയിൽ വിശ്വസികൾ മാത്രം പെങ്കടുക്കാറുള്ള കുട സമർപ്പിക്കലിന് തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് സുനിൽകുമാർ എത്തിയത്. തിരുവമ്പാടി വിഭാഗം നിർമിച്ച പുതിയ പട്ട് കുടകൾ ക്ഷേത്രത്തിൽ സമർപ്പിച്ചത് അദ്ദേഹമാണ്. എല്ലാവർക്കും അദ്ദേഹത്തി​െൻറ പ്രകടനത്തിൽ അത്ഭുതമാണ്. ഇത്വരെ ഒരു മന്ത്രി പോയിട്ട്, എം.എൽ.എ പോലും ഇത്തരത്തിൽ പൂരത്തെ ഏറ്റെടുത്തിട്ടില്ല എന്നാണ് നിരവധി പൂരങ്ങൾ കണ്ട തൃശൂർക്കാർ പലരും പറയുന്നത്. തേറമ്പിൽ രാമകൃഷ്ണൻ ദീർഘകാലം പൂരനഗരിയെ പ്രതിനിധീകരിച്ച ആളാണ്. ക്ഷേത്രങ്ങളും ദേവസ്വവും ദൈവങ്ങളുമായും മറ്റും അടുപ്പം സൂക്ഷിക്കുന്ന ആളുമാണ്. അദ്ദേഹംപോലും പൂരത്തിൽ ഇത്രയങ്ങ് ആണ്ടിറങ്ങിയിട്ടില്ല എന്നാണ് പറയുന്നത്. രാവിലെ ക്ഷേത്രം നടപ്പുരയില്‍ നടന്ന ചടങ്ങില്‍ തിരുവമ്പാടി ക്ഷേത്രം മേല്‍ശാന്തി മൂത്തേടത്ത് സുകുമാരന്‍ നമ്പൂതിരി ആദ്യ കുട സമര്‍പ്പണം നടത്തി. തിരുവമ്പാടി ദേവസ്വം പ്രസിഡൻറ് പ്രഫ. പി. ചന്ദ്രശേഖരന്‍, സെക്രട്ടറി പ്രഫ. എം. മാധവന്‍കുട്ടി, പ്രവാസി വ്യവസായി ഡോ. സുന്ദർ മേനോൻ തുടങ്ങിയവരും ഭക്തജനങ്ങളും പട്ടുകുടകള്‍ സമര്‍പ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.