തൃശൂർ: കാലിക്കറ്റ് സർവകലാശാല ഇൻറർസോൺ കലോത്സവത്തിൽ ജനപ്രിയ ഇനങ്ങൾ വേദിയിലെത്തിയ ദിനമായിരുന്നു വെള്ളിയാഴ്ച. മികവാർന്ന പ്രകടനത്തിലൂടെ കൈയടി നേടാൻ മത്സരാർഥികൾക്കായി. സ്കൂൾ കലോത്സവത്തിൽ മികവു തെളിയിച്ച പ്രതിഭകളായിരുന്നു മിക്കവരും. ഇൻറർസോണിലേക്ക് യോഗ്യത തേടിയവരിൽ പലരും പങ്കെടുത്തില്ല. ആൺകുട്ടികളുടെ കഥകളിയിൽ നാലു പേർ രജിസ്റ്റർ ചെയ്തെങ്കിലും ഒരാൾ മാത്രമാണ് പങ്കെടുക്കാനെത്തിയത്. മാപ്പിളകലകളായ കോൽക്കളി, ദഫ്മുട്ട്, വട്ടപ്പാട്ട്, അറബനമുട്ട് എന്നിവ നിറഞ്ഞ സദസ്സിലാണ് പൂർത്തിയായത്. മികച്ച പ്രകടനമാണ് പങ്കെടുത്ത കോളജുകൾ കാഴ്ചവെച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നേരിയ പോയൻറ് വ്യത്യാസത്തിലാണ് വിജയികളെ നിശ്ചയിച്ചത്. കേരള നടനവും മോഹിനിയാട്ടവും നിലവാരം പുലർത്തിയെങ്കിലും കാണികളുടെ എണ്ണക്കുറവ് നിരാശയുണ്ടാക്കി. കനത്ത ചൂടും കാണികൾ അകലാൻ കാരണമായി. കാലിക പ്രസക്തമായ സംഭവങ്ങൾ കോർത്തിണക്കി അരങ്ങിലെത്തിയ ഹിന്ദി, മലയാളം നാടകങ്ങൾ ശ്രദ്ധേയമായി. വാദ്യകലകളിൽ പ്രതിഭകളുടെ മാറ്റുരക്കൽ വേറിട്ട കാഴ്ചയായി. പ്രഗത്ഭരായ പരിശീലകരുടെ ശിക്ഷണത്തിലാണ് ചെണ്ട, തബല, മൃദംഗം, പഞ്ചവാദ്യം എന്നിവയിൽ മത്സരാർഥികൾ വേദിയിലെത്തിയത്. മേളപ്പെരുക്കത്തെ അന്വർഥമാക്കുന്ന കലാവിരുന്നാണ് വേദികളിൽ നിറഞ്ഞത്. കലോത്സവത്തിെൻറ സമാപന ദിവസമായ ശനിയാഴ്ച ഒപ്പന, മാപ്പിളപ്പാട്ട്, തുള്ളൽ, ചെണ്ടമേളം എന്നിവ വേദികളിലെത്തും. സമയക്രമത്തിൽ അൽപം വൈകൽ ഉണ്ടാകുന്നതൊഴിച്ചാൽ കുറ്റമറ്റ രീതിയിലാണ് ഗുരുവായൂരിലെത്തിയ കലോത്സവം പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.