ഗുരുവായൂർ: ചുട്ടികുത്തി ആടായാഭരണങ്ങൾ അണിഞ്ഞ് വേദിയിലേക്കെത്തുമ്പോൾ അറിയിപ്പു വന്നു, ഒരാൾ മാത്രമുള്ളതിനാൽ മത്സരമില്ല. കെട്ടിയ വേഷം പെട്ടന്നങ്ങു അഴിക്കാൻ കഴിയില്ലല്ലോ.. തുറന്ന വേദിയിൽ കാണികൾക്കായി അവതരണം നടത്തി മടക്കം. ആൺകുട്ടികളുടെ കഥകളിയിലാണ് ഒരാൾ മാത്രമായത്. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിലെ പി.ജി. ഹരികൃഷ്ണനാണ് കാലകേയവധം അവതരിപ്പിക്കാൻ തയാറായി വന്നത്. മൂന്നു പേരെങ്കിലും ഉണ്ടെങ്കിലേ മത്സരം നടക്കുകയുള്ളൂ. മത്സരത്തിനു നാല് പേർ രജിസ്റ്റർ ചെയ്തിരുന്നു. കഥകളി നടൻ കലാനിലയം ഗോപിനാഥെൻറയും നൃത്ത അധ്യാപിക കലാമണ്ഡലം പ്രശീജയുടെയും മകനാണ് ഹരികൃഷ്ണൻ. ഒമ്പതാം ക്ലാസ് മുതൽ പ്ലസ് ടു തലം വരെ കേരള സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡാണ് നേട്ടം. ചെണ്ടമേളത്തിൽ ശ്രീഹരി ഗുരുവായൂർ: മത്സരം കഴിഞ്ഞതും നേരെ പാലക്കാട് ലക്കിടിയിലേക്ക്. അവിടെ ക്ഷേത്രോത്സവത്തിൽ ചെണ്ടമേളത്തിൽ ശ്രീഹരിയുമുണ്ട്. യാത്രമധ്യേ കലോത്സവ വേദിയിൽനിന്ന് വിളി വന്നു, ചെണ്ടയിൽ ഒന്നാം സ്ഥാനം. ഒറ്റപ്പാലം എം.പി.എം.എം.എസ് എസ്.എൻ ട്രസ്്റ്റ് കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥിയാണ് കെ.എം. ശ്രീഹരി. കുട്ടിക്കാലം മുതൽ ചെണ്ട അഭ്യസിക്കുന്ന ശ്രീഹരി സ്കൂൾ കലോത്സവങ്ങളിലെ താരമാണ്. ഉത്സവങ്ങളിൽ ചെണ്ടമേള സംഘത്തോടൊപ്പം നിറ സാന്നിധ്യമാണ്. ഇൻറർസോൺ കലോത്സവത്തിൽ ചെണ്ട മത്സരം നടക്കുന്ന ദിവസം ഉത്സവ പരിപാടിയും ഏറ്റിരുന്നു. സ്വതസിദ്ധമായ ശൈലയിൽ കൊട്ടിത്തീർത്ത് അടുത്ത ബസിൽ പാലക്കാട്ടേക്ക് തിരിക്കുകയായിരുന്നു. കല്ലൂർ ഉണ്ണികൃഷ്ണനാണ് പരിശീലകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.