തൃശൂർ: തിരുവമ്പാടിയിലും പാറമേക്കാവിലും ഘടക ക്ഷേത്രങ്ങളിലും കൊടിക്കൂറയുയർന്നു. തൃശൂർ ഇനി പൂരാരവങ്ങളിലേക്ക്. തിരുവമ്പാടിയിൽ പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ സുന്ദരനും സുഷിതുമാണ് കൊടിമരം തയാറാക്കി ഭൂമിപൂജ നടത്തിയത്. ശ്രീകോവിലില്‍ പൂജിച്ച കൊടിക്കൂറ മേൽശാന്തി മൂത്തേടത്ത് സുകുമാരൻ നമ്പൂതിരി ദേവസ്വം സെക്രട്ടറിക്ക് കൈമാറി. ഇത് കൊടിമരത്തില്‍ കെട്ടി ആര്‍പ്പുവിളികളോടെ ദേശക്കാരും ദേവസ്വം ഭാരവാഹികളും ചേര്‍ന്ന് 11.50 ഓടെ കൊടിമരം ഉയര്‍ത്തി. കൊടിയേറ്റിനോടനുബന്ധിച്ചുള്ള പുറപ്പാടിെൻറ മേളം ആസ്വദിക്കാൻ കത്തിജ്വലിക്കുന്ന മേടച്ചൂട് വകവെക്കാതെ നിരവധിപേർ എത്തി. ഉച്ചക്ക് 2.45ന് ക്ഷേത്രത്തില്‍നിന്ന് പൂരം പുറപ്പാട് ആരംഭിച്ച് നായ്ക്കനാലിലും നടുവിലാലിലും കൊടിയുയർത്തി. തുടര്‍ന്ന് ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടി കലാശിച്ച് നടുവില്‍മഠത്തിലെത്തി ആറാട്ടു കഴിഞ്ഞ് പറയെടുപ്പിന് തുടക്കമായി. പാറമേക്കാവ് ക്ഷേത്രത്തില്‍ 12.20ഓടെയായിരുന്നു കൊടിയേറ്റം. വലിയപാണിക്കുശേഷം പുറത്തേക്കെഴുന്നള്ളിച്ച ഭഗവതിയെ സാക്ഷിനിര്‍ത്തിയാണ് ആര്‍പ്പുവിളികളോടെ കൊടയേറ്റിയത്. ചെമ്പില്‍ കുട്ടനാശാരി നിര്‍മിച്ച കവുങ്ങിന്‍ കൊടിമരത്തില്‍ ആലിെൻറയും മാവിെൻറയും ഇലകളും, ദര്‍ഭപ്പുല്ലും ചേര്‍ത്തുകെട്ടി അലങ്കരിച്ച് സിംഹമുദ്രയുള്ള കൊടിക്കൂറ കെട്ടിയാണ് കൊടി ഉയര്‍ത്തിയത്. അഞ്ചാനപ്പുറത്ത് ഭഗവതിയെ എഴുന്നള്ളിച്ചു. വടക്കുന്നാഥനിലെ കൊക്കര്‍ണിക്കുളത്തില്‍ ആറാടി തിരിച്ചെത്തി. തിരുവമ്പാടി ഭഗവതി നായ്ക്കനാൽ വഴി നടുവിൽ മഠത്തിലെത്തി ആറാടി മടങ്ങിയെത്തി. നായ്ക്കനാലിലും, നടുവിലാലിലും, മണികണ്ഠനാലിലും ക്ഷേത്രത്തിനു മുന്‍വശത്തെ പാലമരത്തിലും പൂരക്കൊടികള്‍ ഉയര്‍ത്തിയതോടെ നഗരം പൂരലഹരിയിലായി. കതിനകളുടെ ആചാരവെടി മുഴങ്ങി. വെടിക്കെട്ടിന് അനുമതിയില്ലാത്തതിനാൽ കൊടിയേറ്റത്തിന് നാമമാത്രമായ കരിമരുന്ന് പ്രയോഗമാണ് ഉണ്ടായിരുന്നത്. തിരുവമ്പാടിയിൽ ദേവസ്വം പ്രസിഡൻറ് പ്രഫ. പി. ചന്ദ്രശേഖരന്‍, സെക്രട്ടറി പ്രഫ. എം. മാധവന്‍കുട്ടി, ഡോ. ടി.എ. സുന്ദര്‍മേനോന്‍ തുടങ്ങിയവരും പാറമേക്കാവിൽ ദേവസ്വം പ്രസിഡൻറ് കെ. സതീഷ് മേനോന്‍, സെക്രട്ടറി ജി. രാജേഷ്, വൈസ് പ്രസിഡൻറ് വി.എം. ശശി തുടങ്ങിയവരും തട്ടകക്കാരും പങ്കെടുത്തു. തട്ടകം ആവേശത്തിൽ; ഘടക ക്ഷേത്രങ്ങളിലും കൊടിയേറി തൃശൂര്‍: പ്രതീക്ഷയുടെ വർണക്കുട നിവർത്തിവെച്ച ഒരു വർഷത്തെ കാത്തിരിപ്പ്... വിണ്ണിലും മനസ്സിലും വർണങ്ങളും വാദ്യങ്ങളും നിറയുന്ന പൂരം... കൊടിയേറിയതോടെ, പൂരനഗരിയും തട്ടകദേശങ്ങളും പൂരാവേശത്തിലേക്ക് കടക്കുകയാണ്. പൂരങ്ങളിൽ ആദ്യം കൊടിയേറിയത് ലാലൂർ കാർത്യായനി ക്ഷേത്രത്തിലായിരുന്നു. രാവിലെ എട്ടിനായിരുന്നു കൊടിയേറ്റം. 11ഓടെ അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രത്തിൽ തന്ത്രി പഴങ്ങാപറമ്പ് കൃഷ്ണൻനമ്പൂതിരി കൊടിയേറ്റി. ചെമ്പുക്കാവ് കാര്‍ത്യായനി ക്ഷേത്രത്തില്‍ വൈകീട്ട് ആറിനും, കണിമംഗലം ശാസ്താക്ഷേത്രത്തില്‍ 6.15നും കിഴക്കുംപാട്ടുകര പനമുക്കുംപള്ളി ധര്‍മശാസ്ത ക്ഷേത്രത്തിലും, ചിയ്യാരം പൂക്കാട്ടിക്കര കാരമുക്ക് ക്ഷേത്രത്തിലും 6.30നുമായിരുന്നു കൊടിയേറ്റ്. ചൂരക്കാട്ടുകര ചൂരക്കോട്ടുകാവിലമ്മ ക്ഷേത്രത്തില്‍ രാത്രി ഏഴിനും കുറ്റൂര്‍ നെയ്തലക്കാവിൽ 7.45 ഓടെയുമായിരുന്നു കൊടിയേറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.