തൃശൂർ: ആധുനികതയുടെ തിരക്കിൽ അമർന്നുപോയ പൂരക്കാഴ്ച്ച ബുധനാഴ്ച പുനർ ജനിച്ചു. തൃശൂർ പൂരത്തിന് കൊടിേയറ്റാനുള്ള കവുങ്ങുമേന്തി ആർപ്പുവിളികളോടെ തട്ടകക്കാർ എത്തി. പതിറ്റാണ്ടുകൾക്കു മുമ്പ് നിലച്ചുപോയ ചടങ്ങ് ഗൃഹാതുരത്വമുണർത്തി വീണ്ടും നടന്നത് തിരുവമ്പാടി ക്ഷേത്രത്തിലായിരുന്നു. പഴയ കാലത്ത് കൊടിേയറ്റാൻ ലക്ഷണമൊത്ത കവുങ്ങ് തട്ടകത്തെ വീടുകളിൽ നിന്നായിരുന്നു മുറിച്ച് കൊണ്ടുവന്നിരുന്നത്. അന്ന് തട്ടകക്കാർ കവുങ്ങ് ചുമലിലേറ്റി വൻ ആഘോഷത്തോടെയാണ് കിലോമീറ്ററുകൾ താണ്ടി കൊണ്ടുവന്നിരുന്നത്. പിന്നീട് ആ കാഴ്ച്ച മറഞ്ഞു. കവുങ്ങ് കൊണ്ടു വരൽ അടക്കമുള്ള പലതും കരാറുകാരെ ഏൽപിക്കലായി. പാട്ടുരായ്ക്കൽ ജങ്ഷനിൽനിന്ന് ദേവസ്വം ഭാരവാഹികളും പൂരക്കമ്മിറ്റിക്കാരും ഏതാണ്ട് 20 അടി നീളമുള്ള കവുങ്ങ് ആർപ്പു വിളികളോടെ ചുമലിലേറ്റി കൊണ്ടു വന്നു. തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രഫ. എം. മാധവൻകുട്ടിയുടെ നേതൃത്വത്തിലായിരുന്നു ഇത്. തങ്ങളുടെ കുട്ടിക്കാലത്ത് വീടുകളിൽനിന്ന് വളരെ ആവേശത്തോടെയാണ് കൊടിയേറ്റാനുള്ള കവുങ്ങ് കൊണ്ടുവന്നിരുന്നതെന്ന് പ്രഫ. മാധവൻകുട്ടി പറഞ്ഞു. മിണാലൂരിൽ നിന്നാണ് കവുങ്ങ് കൊണ്ടുവന്നത്. താഴത്ത്പുരക്കൽ സുന്ദരൻ ആശാരി കവുങ്ങ് ചെത്തി മിനുക്കും. ശേഷം ആലില, മാവില, ദര്‍ഭപ്പുല്ല് എന്നിവകൊണ്ട് അലങ്കരിച്ചാണ് കൊടിയേറ്റുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.