പെരുവനത്തി​െൻറ മേളത്തിൽ അന്നമനടയുടെ ഈണവും

തൃശൂർ: പൂരം ഇത്തവണ എല്ലാംകൊണ്ടും പുതുമകളുടേതാണ്. ഇലഞ്ഞിത്തറ മേളം തന്നെയാണ് മേളത്തിൽ ഇത്തവണത്തെ പുതുമകളിലെ മുന്നിലുള്ളത്. 25ന് ഉച്ചക്ക് രണ്ടിന് വടക്കുന്നാഥനിലെ പൂത്തുലഞ്ഞ ഇലഞ്ഞി ചുവട്ടിൽ പെരുവനത്തി​െൻറ മേളത്തിൽ അന്നമനട കളരിയുടെ ഈണവുമുണ്ടാകും. പഞ്ചവാദ്യപ്രമാണി അന്നമനട പരമേശ്വരമാരാരുടെ മകന്‍ കലാമണ്ഡലം ഹരീഷ് ഇത്തവണ ഇലഞ്ഞിത്തറ മേളത്തിൽ പങ്കെടുക്കുന്നതാണ് പ്രധാന സവിശേഷത. ആദ്യമായാണ് ഇലഞ്ഞിത്തറമേള സംഘത്തില്‍ ഹരീഷ് എത്തുന്നത്. തിരുവമ്പാടിയുടെ മഠത്തിൽ വരവിന് പ്രമാണമുള്ള അന്നമനടയുടെ കൈവിരലിലെ വേദന ഇത്തവണയും അദ്ദേഹം പൂരത്തിനെത്തുന്നത് സംശയത്തിലാക്കിയിരിക്കെയാണ് ഹരീഷ് പാറമേക്കാവി​െൻറ ഇലഞ്ഞിത്തറ മേളത്തിൽ പെരുവനം കുട്ടൻമാരാർക്കൊപ്പം പങ്കെടുക്കുന്നത്. മഠത്തില്‍ വരവ് പഞ്ചവാദ്യസംഘത്തില്‍ അന്നമനട പരമേശ്വരമാരാരോടൊപ്പം ഹരീഷ് മൂന്ന് വര്‍ഷം മേളമിട്ടിട്ടുണ്ട്. ഇരുന്നൂറ്റമ്പതോളം മേളകലാകാരൻമാർ അണിനിരക്കുന്ന ഇലഞ്ഞിത്തറ മേള സംഘത്തിൽ കാര്യമായ അഴിച്ചുപണികളില്ല. 15 ചെണ്ടക്കാരിലെ പന്ത്രണ്ടാമനായാണ് ഹരീഷ് ഇലഞ്ഞിത്തറയിലേക്ക് എത്തുന്നത്. തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജിലെ അധ്യാപകനായ ഇദ്ദേഹം ക്ഷേത്രങ്ങളെക്കുറിച്ചുള്ള ഗവേഷണ മോഹത്തിലാണിപ്പോള്‍. ഗവേഷണത്തി​െൻറ ഭാഗമായാണ് ഇലഞ്ഞിത്തറ മേളത്തിൽ പങ്കെടുക്കാനെത്തുന്നത്. ചെണ്ടയിൽ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരാണ് ഗുരു. കലാമണ്ഡലത്തിലായിരുന്നു പഠനം. പിന്നീട് ഇവിടെ തന്നെ അധ്യാപകനായി. ചെണ്ടയിലെ സ്ത്രീ സാന്നിധ്യമായ ഡോ. നന്ദിനിയാണ് ഹരീഷി​െൻറ ഭാര്യ. ഇരുവരും ചേർന്നുള്ള തായമ്പക അവതരണം ലിംക ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയിട്ടുണ്ട്. പഞ്ചവാദ്യത്തിലും മേളക്കാരിലും കാര്യമായ അഴിച്ചു പണികൾ നടത്താൻ ആലോചിക്കുന്നില്ലെങ്കിലും ചിലയാളുകളിലെ ഭേദഗതികൾക്ക് ആലോചിക്കുന്നുണ്ട്. വ്യാഴാഴ്ചയോടെ ഇക്കാര്യത്തിൽ തീരുമാനമാവുമെന്നാണ് ദേവസ്വങ്ങൾ നൽകുന്ന വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.