കാവി ഭീകരതക്കെതിരെ പോരാട്ടം അനിവാര്യം -പു.ക.സ തൃശൂർ: ദേശീയ ഭരണകൂടം കൊടുംഭീകരതയുടെ കേന്ദ്രമാവുകയും ജനങ്ങൾക്കുനേരെ പുതിയ തരം ആയുധങ്ങൾ നിർമിച്ചെടുത്ത് ഉപയോഗിക്കുകയും ചെയ്യുമ്പോൾ നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടം അനിവാര്യമാണെന്ന് പുരോഗമന കലാസാഹിത്യ സംഘം ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. സംഘ്പരിവാറിെൻറ അഭിനവ യുദ്ധമുറകൾക്കു നേരെ ദേശീയ വനിത കമീഷൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ കണ്ണടച്ചു നിൽക്കുകയാണ്. പോക്സോ നിയമപ്രകാരം ഉന്നാവയിലെ മാഖി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസ് ഉൾപ്പെടെ മൂന്ന് കേസും സി.ബി.ഐ അന്വേഷിക്കാനും ഉന്നാവയിലെ ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെംഗാറിനെ അറസ്റ്റ് ചെയ്യാനും അലഹബാദ് ഹൈകോടതി പറയേണ്ടി വന്നത് രാജ്യം എത്തിനിൽക്കുന്ന ഭീകരാവസ്ഥയുടെ ചൂണ്ടുപലകയാണെന്ന് പു.ക.സ ചൂണ്ടിക്കാട്ടി. ക്ഷേത്രങ്ങൾ കൂട്ടബലാൽസംഗം പോലെയുള്ള കൊടും കുറ്റകൃത്യം ചെയ്യുന്നവരുടെ സുരക്ഷിത കേന്ദ്രങ്ങളായി മാറി. സർക്കാറുകൾ കൊടും ക്രിമിനലുകളുടെ സംരക്ഷകരുമായി. കാവി ഭീകരത പെൺകുഞ്ഞുങ്ങളെ തിന്നൊടുക്കുന്നു, ദലിതരെ കൊന്നൊടുക്കുന്നു. ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി ഓടിക്കാൻ കൂട്ടബലാൽസംഗങ്ങൾ സംഘടിപ്പിക്കുന്നത് ഗുജറാത്തിൽ വിജയിച്ച പരീക്ഷണമാണ്. ഇത്തരം അവസ്ഥകൾക്കെതിരെ പോരാട്ടമല്ലാതെ മറ്റ് വഴികളില്ല. സംഘ്പരിവാർ നേതൃത്വം നൽകുന്ന കേന്ദ്ര ഭരണവും യു.പി, ജമ്മു- കശ്മീർ സംസ്ഥാന ഭരണവും ജനങ്ങൾക്കു വേണ്ടിയല്ലെന്ന് അനുദിനം വെളിവാകുകയാണ്. ഇത്തരത്തിലുള്ള സമീപകാല ഭരണകൂട ഭീകരപ്രവർത്തനങ്ങൾക്കെതിരായി പു.ക.സ ജില്ല കമ്മിറ്റി നേതൃത്വത്തിൽ കലാകാരന്മാരും എഴുത്തുകാരും 16ന് വൈകീട്ട് നാലിന് സാഹിത്യ അക്കാദമി പരിസരത്ത് ഒത്തുചേരുമെന്ന് ജില്ല പ്രസിഡൻറ് സി. രാവുണ്ണിയും സെക്രട്ടറി എം.എൻ. വിനയകുമാറും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.