മണ്ണുത്തി: ദേശീയപാത 544 കമീഷനിങ് കാലാവധി വീണ്ടും ദീർഘിപ്പിച്ചു നൽകിയിട്ടും അടിപ്പാതകളുടെ നിർമാണം എങ്ങുമെത്തിയില്ല. ഏഴ് അടിപ്പാതകളാണ് മണ്ണുത്തി--വടക്കുഞ്ചേരി റോഡിൽ നിർമിക്കേണ്ടത്. ഇതിൽ പൂർത്തിയായതാവട്ടെ രണ്ടെണ്ണം മാത്രം. മണ്ണുത്തി, തോട്ടപ്പടി അടിപ്പാതകൾ മാത്രമാണ് കരാറുകാരായ കെ.എം.സിക്ക് പൂർത്തിയാക്കാനായത്. മുളയം, മുടിക്കോട്, പീച്ചി റോഡ്, പട്ടിക്കാട്, വടക്കുഞ്ചേരി അടിപ്പാതകളാണ് ഇനി നിർമിക്കേണ്ടത്. ഇതിൽ മുളയവും, മുടിക്കോടും, പട്ടിക്കാടും ഈയടുത്ത് അനുമതി ലഭിച്ചതാണ്. പട്ടിക്കാട്, പീച്ചിറോഡ്, വടക്കുഞ്ചേരി അടിപ്പാത നിർമാണമാണ് ഇപ്പോൾ പ്രാഥമികഘട്ട നിർമാണത്തിലിരിക്കുന്നത്. ഇവ പൂർത്തീകരിക്കാൻ ചുരുങ്ങിയത് മൂന്നുമാസമെങ്കിലും വേണം. പുതിയ അടിപ്പാതക്ക് അനുമതി ലഭിക്കുമ്പോഴും ഇവക്കുവേണ്ട മണ്ണ് ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കൾ എവിടെനിന്ന് എത്തിക്കും എന്നത് സംബന്ധിച്ച് അവ്യക്തതയാണ്. അടിപ്പാതകളുടെ നിർമാണം പൂർത്തിയാക്കാതെ പാത തുറന്നുകൊടുക്കാൻ സാധിക്കില്ല. ജനകീയ പ്രക്ഷോഭങ്ങൾക്കൊടുവിലാണ് അടിപ്പാതക്ക് അനുമതി ലഭിച്ചിട്ടുള്ളത്. അടിപ്പാത വേണമെന്ന ആവശ്യം പലയിടങ്ങളിൽനിന്നും ഉയരുന്നുമുണ്ട്. ഇതിനിടെയാണ് നിർമിച്ച പാതയിലെ അശാസ്ത്രീയത സംബന്ധിച്ച വിവാദവും ഉയരുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം കുതിരാൻ തുരങ്ക നിർമാണം ഉൾപ്പെടെ തടസ്സപ്പെട്ടുകിടക്കുകയാണ്. ജനകീയ സമരം വിജയം: മുടിക്കോട് അടിപ്പാതക്ക് അനുമതി 68 ദിവസത്തെ ജനകീയ സമരത്തിനൊടുവിൽ മുടിക്കോട് അടിപ്പാതക്ക് അനുമതി. ബുധനാഴ്ച ജില്ല കലക്ടറെത്തിയാണ് സമരം അവസാനിപ്പിക്കണമെന്നും അടിപ്പാത നിർമിക്കാൻ അനുമതി ലഭിച്ചതായും അറിയിച്ചത്. ആഗസ്്റ്റിൽ ഇതിെൻറ നിർമാണം ആരംഭിക്കാമെന്നും ഉറപ്പ് നൽകി. അഞ്ചര മീറ്റർ ഉയരത്തിലും 12മീറ്റർ വീതിയിലുമാണ് ഇവിെട പാത നിർമിക്കേണ്ടി വരിക. കൂട്ടാല ഉൾപ്പെടെ നിരവധി ഉൾപ്രദേശങ്ങൾ ഉള്ള ഇവിടെ പണ്ടുമുതലേ അപകട കേന്ദ്രമാണ്. നിലവിലെ അലൈൻമെൻറ് പ്രകാരം അടിപ്പാതക്ക് അനുമതിയില്ലായിരുന്നു. ഇതേത്തുടർന്നാണ് ജനകീയ സമരം ആരംഭിച്ചത്. തുടർന്ന് എം.പി സി.എം.ജയദേവനും കെ.രാജൻ എം.എൽ.എയും ഇടപെടുകയും അടിപ്പാതക്ക് അനുമതിക്കുള്ള നിയമനടപടി സ്വീകരിക്കുകയുമായിരുന്നു. പട്ടിക്കാട് നിർമിക്കുന്ന അടിപ്പാതയും അഞ്ചര മീറ്റർ ഉയരത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.