തൃശൂർ: ഡി.ജി.പിയെ അസഭ്യം പറഞ്ഞുവെന്ന ആരോപണമുയർന്ന ജില്ല സായുധസേനയുടെ വാട്സ് ആപ്പ് ഗ്രൂപ് അഡ്മിൻ കൂടിയായ സി.പി.എം അനുകൂല അസോസിയേഷൻ നേതാവിനെതിരെ പരാതിയുമായി എതിർ ഗ്രൂപ്. പൊലീസുകാർക്ക് ചരിഞ്ഞ തൊപ്പി ഏർപ്പെടുത്താനുള്ള ഡി.ജി.പിയുടെ തീരുമാനത്തിനെതിരെയായിരുന്നു സായുധസേനാംഗങ്ങൾ അംഗങ്ങളായ വാട്സ് ആപ്പ് ഗ്രൂപ്പിൽ മോശമായ പ്രതികരണമുയർന്നത്. ഇതിൽ ഒല്ലൂർ പൊലീസിലെ സി.പി.ഒ ജോഫിൻ ജോണിനെ കമീഷണർ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം പൊലീസുകാർ സമൂഹമാധ്യമങ്ങളിൽ ഇടപെടുന്നതിന് നിയന്ത്രണവും യൂനിഫോമിട്ടുകൊണ്ടുള്ള പടങ്ങൾ പ്രൊഫൈൽ പടങ്ങളാക്കരുതെന്നുമുള്ള ഡി.ജി.പിയുടെ നിർദേശം വന്നത്. ഇതിനെ വിമർശിച്ച് ഗ്രൂപ് അഡ്മിനും അസോസിയേഷൻ നേതാവ് കൂടിയായ അനീഷ് സഭ്യമല്ലാത്ത പദപ്രയോഗം നടത്തിയതാണ് വിവാദമായത്. വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ അശ്ലീല പദപ്രയോഗം നടത്തിയാൽ വാട്സ് ആപ്പ് ഗ്രൂപ് അഡ്മിൻമാർ കുറ്റക്കാരാവുമെന്ന ഡി.ജി.പിയുടെ നിർദേശവും എതിർ വിഭാഗം ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.