തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിന് വെള്ളത്തിെൻറ ലഭ്യതയും ആവശ്യകതയും സംബന്ധിച്ച് ചെന്നൈ വാഡിയ ടെക്നോ എൻജിനീയറിങ് സർവിസസ് റിപ്പോർട്ട് സമർപ്പിച്ചു. 8.9 ലക്ഷം ലിറ്റർ വെള്ളമാണ് ദിനേന ഉപയോഗത്തിന് വേണ്ടത്. ഇതിൽ 60 ശതമാനം വെള്ളം പുനരുപയോഗിക്കാം. അതിനാൽ ശുദ്ധീകരണ പ്ലാൻറിെൻറ പണി പൂർത്തിയായാൽ ദിനേന 3.71 ലക്ഷം ലിറ്റർ വെള്ളം കണ്ടെത്തിയാൽ മതി. പാർക്കിന് ആവശ്യമായ വെള്ളം ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യാൻ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുത്തൂർ ഭൂഗർഭ ജലവിതാനം വളരെ താഴ്ന്ന മേഖലയാണ്. അതിനാൽ വെള്ളം സംഭരിച്ച് വെക്കേണ്ടതുണ്ട്. അതിന് സമീപ പ്രദേശങ്ങളിലെ ഖനനം നിർത്തിയ കരിങ്കൽ ക്വാറികൾ ഉപയോഗിക്കാമെന്നാണ് പഠന റിപ്പോർട്ട്. പുത്തൂർ പഞ്ചായത്തിെല കൈനൂർ-ചെമ്പൂർ റോഡിലെ കിണറും കാൽഡിയൻ സിറിയൻ പള്ളിയുടെ കൈനൂരിലുള്ള ക്വാറിയുൾെപ്പടെ 16 ക്വാറികൾ ജലസംഭരണികളായി കണ്ടെത്തിയിട്ടുണ്ട്. തൃശൂർ മൃഗശാലക്കായി മണലിപ്പുഴയിൽനിന്ന് പുത്തൂരിലേക്ക് വെള്ളം തിരിച്ചുവിടുന്ന കാര്യവും പരിഗണനയിലുണ്ട്. ഇതിെൻറ സാധ്യത സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ജലവിഭവ വകുപ്പിനോട് ആവശ്യപ്പെട്ടു. ക്വാറികളിൽ സംഭരിക്കാവുന്ന വെള്ളത്തിെൻറ കണക്കെടുപ്പ് ഉടൻ തുടങ്ങും. ക്വാറികൾ ജലസേചന വകുപ്പ് ഏറ്റെടുക്കുന്നതോടെ അതിൽ മഴവെള്ളം സംഭരിക്കുന്ന നടപടി ആരംഭിക്കും. അതേസമയം, അടിയന്തര ആവശ്യങ്ങൾക്കായി വെള്ളം കരുതാൻ പുത്തൂർ കായലിൽ പമ്പ് ഹൗസ് സ്ഥാപിക്കാൻ പുത്തൂർ പഞ്ചായത്തിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും അധികൃതർ യോഗത്തിൽ പറഞ്ഞു. മണലിപ്പുഴയിൽനിന്ന് വെള്ളമെടുക്കാൻ അനുയോജ്യമായ സ്ഥലവും കണ്ടെത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കാതെ വെള്ളം എത്തിക്കാമെന്നതാണ് ഇതിെൻറ പ്രത്യേകത. സ്ഥലം ഏറ്റെടുക്കാൻ ബന്ധപ്പെട്ട വകുപ്പുകളുടെ സംയുക്ത സർേവ പുരോഗമിക്കുകയാണ്. പുതുതായി കണ്ടെത്തിയ ക്വാറികൾ ഏറ്റെടുക്കാൻ സർക്കാറിന് ഉടൻ അപേക്ഷ നൽകുമെന്ന് അധ്യക്ഷത വഹിച്ച കലക്ടർ ഡോ. എ. കൗശിഗൻ പറഞ്ഞു. പാർക്ക് അടുത്തവർഷം തുറക്കണമെങ്കിൽ കലണ്ടർ തയാറാക്കി പ്രവർത്തനം സമയബന്ധിതമായി നിർവഹിക്കണമെന്ന് കെ. രാജൻ എം.എൽ.എ ആവശ്യപ്പെട്ടു. പുത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സി.ജി. ഷാജി, സുവോളജിക്കൽ പാർക്ക് സ്പെഷൽ ഓഫിസർമാരായ കെ.ജെ. വർഗീസ്, കെ.എസ്. ദീപ, തൃശൂർ ഡി.എഫ്.ഒ എസ്. പാട്ടീൽ സുയോഗ്, എ.സി.എഫ് വിജു വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.