തൃശൂർ: കുതിരാൻ തുരങ്കപാതയിലേക്ക് കൊമ്പഴ ഭാഗത്തുനിന്ന് പ്രവേശിക്കുന്ന പാലത്തിലേക്ക് പുതുതായി നിർമിച്ച റോഡ് തകർന്നു. 20 മീറ്ററോളം ഭാഗമാണ് വിണ്ടുകീറിയത്. ഒരു മാസം മുമ്പ് പണിതീർത്ത റോഡാണ് കഴിഞ്ഞ ദിവസത്തെ ചെറിയ മഴയിൽ വിണ്ടത്. പാത നിർമാണത്തിെൻറ മറവിൽ വൻ സാമ്പത്തിക ക്രമക്കേടുണ്ടായെന്നാണ് ഇത് തെളിയിക്കുന്നതെന്ന് ജനകീയ സമിതി ചൂണ്ടിക്കാട്ടി. ഇരുമ്പുപാലത്തിന് സമീപം പീച്ചി ജലസംഭരണിയുടെ ഒരു ഭാഗം നികത്തി നിർമിച്ച റോഡിന് കൃത്യമായ രീതിയിൽ ഫൗണ്ടേഷൻ നിർമിക്കാതെ ടാർ ചെയ്തതാണ് തകർച്ചക്ക് കാരണമെന്നാണ് ആരോപണം. പഴയ റോഡ് പൊളിച്ചതിെൻറ അവശിഷ്ടങ്ങളും മറ്റും ഉപയോഗിച്ചായിരുന്നു ഫൗണ്ടേഷൻ നിർമാണമെന്നാണ് നാട്ടുകാരുടെ പരാതി. പാലക്കാടുനിന്ന് തെക്കന്‍ കേരളത്തിലേക്ക് വരുന്ന നൂറുകണക്കിന് ലോറികളും തൃശൂര്‍-പാലക്കാട് റൂട്ടിലോടുന്ന ബസുകളും മറ്റ് വാഹനങ്ങളും കടന്നു പോകേണ്ട റോഡാണിത്. തുരങ്കപാതയുടെ നിർമാണം പൂർത്തിയായാൽ ഭാരവാഹനങ്ങളടക്കം പോയിത്തുടങ്ങും. അതിനുമുമ്പ് റോഡ് തകർന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നുണ്ട്. തകർന്ന റോഡുകളിൽ പരിശോധന നടത്തി റീ ടാറിങ് നടത്തി സുരക്ഷിതത്വും ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് ജനങ്ങൾ കലക്ടർക്കും ദേശീയപാത അതോറിറ്റിക്കും പരാതി നൽകി. വിദഗ്ധ പരിശോധന നടത്തി സുരക്ഷിതത്വം ഉറപ്പു വരുത്തിയല്ലാതെ ഈ വഴി വാഹനങ്ങൾ കടത്തിവിടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.