തൃശൂർ: പട്ടാളം റോഡ് വികസനത്തിൽ വീണ്ടും വഴിമുടക്കി തപാൽവകുപ്പ്. കേന്ദ്രമന്ത്രിസഭയും തപാൽ വകുപ്പിെൻറ കേരള റീജനും അംഗീകരിച്ചയച്ച പട്ടാളം റോഡ് വികസന ഫയൽ ജില്ല തപാൽ വകുപ്പ് തിരിച്ചയച്ചു. നേരത്തെ അംഗീകരിച്ച ധാരണാപത്രത്തിൽ കൈമാറ്റ കരാർ മൂന്ന് മാസത്തിനുള്ളിൽ ഒപ്പുവെക്കണമെന്ന വ്യവസ്ഥയാണ് തപാൽ വകുപ്പ് ഫയൽ തിരിച്ചയക്കാൻ കാരണം. ഇതിൽ സംശയം നീക്കേണ്ടതുണ്ടെന്നും അല്ലെങ്കിൽ മറ്റൊരു കരാർ തയാറാക്കണമെന്നും തപാൽ വകുപ്പ് കോർപറേഷനെ അറിയിച്ചു. കോർപറേഷൻ നേരത്തെ ഉണ്ടാക്കിയ ധാരണയിൽനിന്ന് മാറ്റം വരുത്തിയിട്ടില്ലെന്നും പോസ്റ്റോഫിസ് മാറ്റാൻ നടപടി പൂർത്തിയാക്കി കാത്തിരിക്കുന്നതിനാൽ മറ്റൊരു കരാറിന് തയാറല്ലെന്നും കോർപറേഷൻ തപാൽ വകുപ്പിനെ അറിയിച്ചു. ധാരണാപത്രം വൈകിപ്പിച്ചത് തപാൽ വകുപ്പാണെന്നും തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നുമുള്ള കുറ്റപ്പെടുത്തലോടെയാണ് തപാൽ വകുപ്പിന് കോർപറേഷന് മറുപടി നൽകിയത്. നിരന്തര ഇടപെടലിെൻറ ഫലമായി കഴിഞ്ഞ മേയിലാണ് പോസ്റ്റ് ഒാഫിസ് മാറ്റം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. പട്ടാളം റോഡ് വീതികൂട്ടുന്ന പ്രവൃത്തി 2014ൽ തുടങ്ങിയതാണ്. റോഡ് വികസനത്തിന് പോസ്റ്റ് ഒാഫിസ് വിട്ടുനൽകുമ്പോൾ പകരം ഭൂമിയും കെട്ടിടവും കോർപറേഷൻ കൈമാറണമെന്നാണ് വ്യവസ്ഥ. ഈ സൗകര്യങ്ങളെല്ലാം കോർപറേഷൻ തയാറാക്കി കേന്ദ്ര തീരുമാനത്തിന് കാത്തിരിക്കുകയാണ്. 2016 സെപ്റ്റംബറിൽ തപാല്‍ വകുപ്പുമായി കോർപറേഷന്‍ കരാര്‍ ഒപ്പുവെക്കുകയും ചെയ്തു. കെട്ടിടം പൊളിച്ചാലും പോസ്റ്റ് ഒാഫിസിെൻറ സ്ഥലം കൈമാറണമെങ്കില്‍ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം വേണമെന്നതാണ് കോർപറേഷനെ അലട്ടിയത്. യു.ഡി.എഫ് ഭരണസമിതിയുടെ കാലത്തും ഇടതുമുന്നണി ചുമതലയേറ്റപ്പോഴും കേന്ദ്ര മന്ത്രിമാരെ കണ്ടിരുന്നു. 16.5 െസൻറ് സ്ഥലമാണ് പോസ്റ്റ് ഓഫിസിനുള്ളത്. അത്രയും സ്ഥലം പകരം കോര്‍പറേഷന്‍ പട്ടാളം റോഡരികില്‍തന്നെ പോസ്റ്റ് ഓഫിസിന് നല്‍കിയിട്ടുണ്ട്. കേന്ദ്രമന്ത്രിസഭ തീരുമാനം ധനകാര്യ വകുപ്പിന് എത്തിയതോടെ, ഭൂമി കൈമാറ്റത്തിെൻറ രജിസ്ട്രേഷന് എത്ര സമയമെടുക്കുമെന്ന് കഴിഞ്ഞ ജൂൈലയിൽ കേന്ദ്ര ധനമന്ത്രാലയം ചോദ്യം ഉന്നയിച്ചിരുന്നു. രണ്ട് നാൾ മതിയെന്ന് മറുപടി അടുത്ത ദിവസം തന്നെ കോർപറേഷൻ നൽകി. ഇതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി സംസ്ഥാന റീജനൽ പോസ്റ്റ് മാസ്റ്ററെ കേന്ദ്ര തപാൽ വകുപ്പ് ചുമതലപ്പെടുത്തി. ഇവിടെയും നടപടികൾ പൂർത്തിയാക്കി കരാർ ഒപ്പുവെക്കാൻ നിർദേശിച്ച് കഴിഞ്ഞ ആഴ്ചയാണ് തൃശൂർ തപാൽ പോസ്റ്റ് മാസ്റ്റർ ജനറലിന് ഫയൽ നൽകിയത്. ധാരണാപത്രത്തിൽ കരാർ ഒപ്പുവെക്കാൻ മൂന്ന് മാസമെന്ന് രേഖപ്പെടുത്തിയതനുസരിച്ച് കഴിഞ്ഞ ജൂൈലയിൽ കാലാവധി കഴിയും. ഈ വാചകം ചൂണ്ടിക്കാട്ടിയാണ് സംശയം ദൂരീകരിക്കണമെന്ന ആവശ്യവുമായി ജില്ല തപാൽ വകുപ്പ് ഫയൽ തിരിച്ചയച്ചത്. എന്നാൽ, ഫയൽ വൈകിപ്പിച്ചതും നടപടികളിലായിരുന്നതും തപാൽ വകുപ്പായിരുന്നുവെന്നാണ് കോർപറേഷൻ വാദം. കരാർ മാറ്റി തയാറാക്കുന്നുവെങ്കിൽ ഇപ്പോൾ മൂന്ന് വർഷത്തോളമെടുത്ത് പൂർത്തിയാക്കിയ പ്രക്രിയ ആവർത്തിച്ച് പൂർത്തീകരിക്കണം. അങ്ങനെയെങ്കിൽ ഇനിയും കാലതാമസം നേരിടും. വൈകിപ്പിക്കുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയും നിയമ നടപടികളിലേക്ക് കടക്കുമെന്ന സൂചനയും വ്യക്തമാക്കിയാണ് കോർപറേഷൻ തപാൽ വകുപ്പിന് മറുപടി നൽകിയത്. പട്ടാളം റോഡിലെ ഈ കുപ്പിക്കഴുത്ത് പൊട്ടിയാൽ എം.ഒ റോഡിലെയും ശക്തൻ നഗറിലേക്കുമുള്ള വാഹനങ്ങളുടെ തിരക്കൊഴിവാക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.