അതിരപ്പിള്ളി രൗദ്രഭാവമണിഞ്ഞു; സന്ദര്‍ശകര്‍ക്ക് നിയന്ത്രം

അതിരപ്പിള്ളി: ഡാമുകള്‍ തുറന്നുവിട്ടതോടെ അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ക്ക് വീണ്ടും രൗദ്രഭാവം. കാലവര്‍ഷം ശക്തമായതോടെ പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ ഡാമുകള്‍ തുറന്നതാണ് വെള്ളച്ചാട്ടത്തിന് വന്യസൗന്ദര്യം തിരിച്ച് കിട്ടിയത്. അപൂർവമായി മാത്രം കാണാന്‍ കഴിയുന്ന ജലത്തി​െൻറ അപൂർവ മാന്ത്രികദൃശ്യമാണിത്. കലങ്ങി മറിഞ്ഞ് ചെളി നിറഞ്ഞ് കുത്തിയൊലിക്കുന്നതിനാല്‍ വെള്ളച്ചാട്ടത്തിന് പലപ്പോഴും കാവി നിറമാണ്. അതിരപ്പിള്ളിക്കും വാഴച്ചാലിനുമിടയില്‍ വഴിയോരത്ത് മഴക്കാലത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന ചാര്‍പ്പ വെള്ളച്ചാട്ടം ഇപ്പോള്‍ ഉറഞ്ഞു തുള്ളുകയാണ്. ആനമലപാതയിലേക്ക് ഇതിൽ നിന്ന് വെള്ളം ചീറ്റിയടിക്കുന്നത് ഹരംകൊള്ളിക്കുന്ന അനുഭവമാണ്. യുവാക്കളായ സഞ്ചാരികളുടെ കൂട്ടങ്ങള്‍ക്ക് ഇത് ആഘോഷമായി മാറിയിട്ടുണ്ട്. പലരും ഇതില്‍ ആഹ്ലാദത്തോടെ ചാര്‍പ്പയില്‍ നനയുകയാണ്. വളരെ ദൂരെ നിന്ന് തന്നെ കേള്‍ക്കുന്ന അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങളുടെ ആരവം നെഞ്ചിടിപ്പോടെയാണ് സഞ്ചാരികള്‍ ആസ്വദിക്കുന്നത്. ഈ അവസ്ഥയില്‍ ഇവയുടെ സമീപത്തേക്കെത്തുന്നത് വലിയ അപകടകരമായതിനാല്‍ വനപാലകരും അതിരപ്പിള്ളി വനസംരക്ഷണാസേനയും സഞ്ചാരികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി രംഗത്തുണ്ട്. പുഴയോരത്തും വെള്ളച്ചാട്ടങ്ങളുടെ വഴിയിലും കൂടുതല്‍ ജീവനക്കാരെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. അതിരപ്പിള്ളി പുഴയോരത്തെ പാറക്കെട്ടുകളുടെ ഭാഗത്തേക്ക് ആരെയും കടത്തിവിടുന്നില്ല. വെള്ളച്ചാട്ടത്തി​െൻറ താഴോട്ടുള്ള വഴി പൂര്‍ണമായും അടച്ചു. വെള്ളച്ചാട്ടത്തിന് താഴെ അര കിലോ മീറ്റര്‍ ദൂരെവരെ ശക്തമായ കാറ്റുണ്ട്. മഴ പോലെ വെള്ളത്തുള്ളികളും തെറിക്കുന്നു. ഈ അവസ്ഥയില്‍ കല്‍പ്പടവുകള്‍ ഇറങ്ങി വെള്ളച്ചാട്ടത്തിന് താഴെ ഇറങ്ങിയാല്‍ അപകടം ഉറപ്പാണ്. അതുപോലെ വാഴച്ചാലില്‍ സംരക്ഷണഭിത്തിയുണ്ടെങ്കിലും മുകള്‍ഭാഗത്ത് പുഴയ്ക്കരികിലേക്കും ആരെയും കടത്തി വിടുന്നില്ല. സന്ദര്‍ശകരുടെ ജീവന് വില കൽപിക്കുന്നതിനാല്‍ ഈ അവസ്ഥയില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതരാണ്. വഴിയോരത്തെ ചെറുതോടുകള്‍ ശക്തമായതിനാല്‍ അവ നിറഞ്ഞ് റോഡിലേക്ക് പതിക്കുന്നതിനാല്‍ ഈ റൂട്ടില്‍ ഡ്രൈവിങ് കരുതലോടെയാവണം. അതുപോലെ വശത്തെ മലമുകളില്‍നിന്ന് വെള്ളക്കെട്ടുകള്‍ ഇടയ്ക്കിടെ കല്ലും മണ്ണുമായി പതിക്കുന്നുണ്ട്. ഒാഫ് സീസണായതിനാല്‍ സന്ദര്‍ശകരുടെ തിരക്കില്ല. ഞായറാഴ്ച 1.5 ലക്ഷവും തിങ്കളാഴ്ച 2.5 ലക്ഷവുമാണ് അതിരപ്പിള്ളിയിലെ മാത്രം വരുമാനം. ഇതില്‍ കൂടുതലും കുടുംബസമേതം എത്തുന്ന സഞ്ചാരികളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.