ചാലക്കുടി: ഫിനോമിനല്‍ ധനകാര്യസ്ഥാപനം നടത്തിയ കോടികളുടെ തട്ടിപ്പിനെക്കുറിച്ച് ക്രൈബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച കേസിെൻറ ഫയലുകള്‍ ക്രൈംബ്രാഞ്ച് ഏറ്റുവാങ്ങി. 15,000 ഓളം പരാതികളാണ് ചാലക്കുടി പൊലീസ് സ്റ്റേഷനില്‍ ഫിനോമിനല്‍ ഗ്രൂപ്പിനെതിരെ പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ നല്‍കിയിട്ടുള്ളത്. പരാതിക്കാര്‍ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നു. ശനിയാഴ്ചയും ചിലര്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കമ്പനിയുടെ ഡയറക്ടര്‍മാരായ കല്ലേറ്റുങ്കര മുത്തിരത്തിപറമ്പില്‍ ഷംസീര്‍(54), ചാലക്കുടി ഫൊറോനപ്പള്ളിക്ക് സമീപം ചെങ്ങിനിമറ്റം തോമസ് (71) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും റിമാന്‍ഡിലാണ്. പ്രധാനപ്പെട്ട രണ്ട് ഡയറക്ടർമാർക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കമ്പനിയുടെ മാനേജിങ് ഡയറക്ടറായ മുംബൈ സ്വദേശിയാണ് ഒരാൾ. ഇയാളെ പിടികൂടിയാലേ നിക്ഷേപകരുടെ പണം തിരിച്ചു കിട്ടുന്നതിന് വഴിയുണ്ടാക്കാനാവൂ. കേരളത്തില്‍നിന്നുള്ള നിക്ഷേപകരുടെ പണം മുംബൈയിലേക്ക് വലിച്ച ഇയാള്‍ അവിടെ ഒളിവില്‍ കഴിയുന്നതായും നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതായും സൂചനയുണ്ട്. രണ്ടാമത്തെയാള്‍ സ്ഥാപനത്തിെൻറ ഡയറക്ടറും കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ആളുമായ കൊരട്ടി കട്ടപ്പുറം സ്വദേശിയാണ്. ആറുമാസമായി ഇയാള്‍ ഒളിവിലാണ്. എം.ഡിയെ തേടി പുണെയിലേക്ക് കടന്ന ഇയാൾ ഇതിനിടയില്‍ ചാലക്കുടിയിലെ കമ്പനി വക കെട്ടിടം വില്‍ക്കാനായി വന്നതായി സൂചനയുണ്ട്. ഇതിെൻറ പോക്കുവരവ് നടത്തി പണവുമായി മുങ്ങാന്‍ അവസരം കാത്ത് കൊച്ചിയിലും തുടര്‍ന്ന് ചാലക്കുടിയിലും ഇയാള്‍ രഹസ്യമായി താമസിച്ച് വരികയാണത്രേ. ഇയാളും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ട തോമസും കൂടിയാണ് കൊച്ചിയിലെ ഫ്ലാറ്റിലിരുന്ന് കെട്ടിടം വില്‍ക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നതെന്ന് പറയുന്നു. ഉന്നതങ്ങളില്‍ സ്വാധീനമുള്ള ഇയാളെ കുറിച്ച് സൂചന ലഭിച്ചിട്ടും പിടികൂടുന്നില്ലെന്ന് നിക്ഷേപകര്‍ക്ക് പരാതിയുണ്ട്. 1990 കളില്‍ ചാലക്കുടിയില്‍ ആരംഭിച്ച സ്ഥാപനം ആദ്യകാലങ്ങളിലൊക്കെ നിക്ഷേപകര്‍ക്ക് പണം നല്‍കി വിശ്വാസ്യത പിടിച്ചു പറ്റിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഇവർ പ്രതിസന്ധിയിലാണ്. കെട്ടിടം വിറ്റതായി മാധ്യമങ്ങളിലൂടെ അറിഞ്ഞതോടെയാണ് നിേക്ഷപകര്‍ പ്രകടമായ പ്രതിഷേധമാര്‍ഗത്തിലേക്ക് തിരിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.