ആമ്പല്ലൂര്‍ ജങ്​ഷനില്‍ ബസ് കാത്തുനിൽക്കുന്നവർക്കിടയിലേക്ക് കണ്ടെയ്നര്‍ ലോറി പാഞ്ഞുകയറി; 14 പേര്‍ക്ക് പരിക്കേറ്റു

ആമ്പല്ലൂര്‍: ദേശീയപാത ആമ്പല്ലൂര്‍ ജങ്ഷനില്‍ ബസ് കാത്തുനിന്നവർക്കിടയിലേക്ക് കണ്ടെയ്നര്‍ ലോറി പാഞ്ഞുകയറി 14പേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ 7.45ഓടെയാണ് അപകടം നടന്നത്. സിഗ്നലിന് സമീപം ഡിവൈഡറില്‍ ബസ്‌കാത്തുനിന്ന വിദ്യാര്‍ഥികളടക്കമുള്ളവർക്കിടയിലേക്കാണ് ചാലക്കുടി ഭാഗത്തേക്ക് പോയ കണ്ടെയ്നര്‍ ലോറി പാഞ്ഞു കയറിയത്. മുന്നിലുണ്ടായിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ കെണ്ടയ്‌നര്‍ വെട്ടിക്കുകയും നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് കയറുകയുമായിരുന്നു. ലോറിയുടെ കണ്ടെയ്നര്‍ ഭാഗം ചില യാത്രക്കാരുടെ ദേഹത്ത് തട്ടിയും അപകടത്തെത്തുടര്‍ന്ന് ചിതറി ഓടിയുമാണ് യാത്രികര്‍ക്ക് പരിക്കേറ്റത്. ക്രിസ്റ്റി, അഖില, ലിസ, വര്‍ഷ, അതുല്യ, ജിസ്‌നമോള്‍, ശിശിര, നവമി, നിമിഷ എന്നീ വിദ്യാര്‍ഥികള്‍ക്കും ജോയി, ആൻറണി, വിഷ്ണു, ഉണ്ണികൃഷ്ണന്‍, രാധാകൃഷ്ണന്‍ എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവര്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. പുതുക്കാട് പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആമ്പല്ലൂര്‍ ജങ്ഷനില്‍ ചാലക്കുടി ഭാഗത്തേക്കുള്ള യാത്രികര്‍ ദേശീയപാതയോട് ചേര്‍ന്നുള്ള ഡിവൈഡറില്‍ നിന്നാണ് ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കയറുന്നത്. ദേശീയപാതക്കും ബസ്‌കാത്തിരിപ്പുകേന്ദ്രത്തിനും ഇടയിലുള്ള സര്‍വിസ് റോഡില്‍ ബസ് നിര്‍ത്തിയാല്‍ യാത്രികര്‍ക്ക് സുരക്ഷിതരായി ബസില്‍ കയറാനാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.