തൃശൂർ: മാവോവാദി നേതാവ് രൂപേഷിനെ കോടതിയിൽ കൊണ്ടുപോകുന്നതിൽ വീണ്ടും സുരക്ഷ വീഴ്ച. നിർദേശിച്ച സമയത്തിനേക്കാൾ ഒരു മണിക്കൂറിലേറെ വൈകി. ഇതുമൂലം തമിഴ്നാട് ഈറോഡ് കോടതി വരെയുള്ള സ്ഥലങ്ങളിലെ പൈലറ്റ് പൊലീസ് റോഡിൽ മണിക്കൂറുകൾ കാത്തുനിന്നു. കഴിഞ്ഞ മാസം കോടതിയിൽ കൊണ്ടുപോകാനായി രൂപേഷിനെ കയറ്റിയ വാഹനം രാമവർമപുരം മിൽമക്ക് സമീപം തകരാറിലായതും എസ്കോർട്ട് ഓഫിസർ എത്തും മുമ്പ് രൂപേഷിനെ ജയിലിൽനിന്നും എടുത്തതുമാണ് സുരക്ഷാ വീഴ്ചക്ക് ഇടയാക്കിയത്. തിങ്കളാഴ്ച ഈറോഡ് കോടതിയിൽ ഹാജരാക്കുന്നതിന് ഞായറാഴ്ച വൈകീട്ട് തന്നെ രൂപേഷിെൻറ യാത്രയുടെ ഘടന തയാറാക്കി നിർദേശിച്ചിരുന്നു. രാവിലെ 6.30ന് വിയ്യൂര്‍ ജയിലില്‍നിന്നും രൂപേഷുമായി പുറപ്പെടണമെന്നാണ് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ജയിലില്‍നിന്നും രൂപേഷിനെ ഇറക്കുമ്പോൾ തന്നെ ഏഴര കഴിഞ്ഞു. എസ്കോർട്ട് ചുമതലയുണ്ടായിരുന്ന ഒല്ലൂർ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം 6.20ന് തന്നെ ജയിലിന് മുന്നിൽ എത്തി. ഇതനുസരിച്ച് രാവിലെ തന്നെ വിവിധ സ്റ്റേഷനുകളിലേക്കും പൈലറ്റ് നിർദേശം നൽകുകയും ചെയ്തു. എന്നാൽ അകമ്പടി പോകുന്ന എ.ആർ ക്യാമ്പിലെ പൊലീസുകാര്‍ക്ക് ഡെപ്യൂട്ടി കമാൻഡൻഡ് നിർദേശങ്ങൾ നൽകാൻ സമയമെടുത്തതാണ് രൂപേഷിനെ കൊണ്ടുപോകുന്നതിനുള്ള സമയം വൈകിപ്പിച്ചതേത്ര. ജയിലിന് മുന്നിൽ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘവും റോഡിൽ സുരക്ഷയൊരുക്കി ഈറോഡ് കോടതി വരെ ഒരു എസ്.ഐ.യുടെ നേതൃത്വത്തിൽ നാലുപേരടങ്ങുന്ന പൊലീസ് സംഘവും ഈ സമയമത്രയും കാത്തുനിന്നു. ഈറോഡിലെയും, തമിഴ്നാട്ടിലെയും വിവിധ കോടതികളില്‍ ഹാജരാക്കാനായാണ് തിങ്കളാഴ്ച രൂപേഷിനെ കൊണ്ടുപോയത്. രണ്ടുദിവസം കഴിഞ്ഞേ തിരിച്ച് വിയ്യൂരിലെത്തിക്കൂ എന്നാണ് ജയിലധികൃതർ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.