മാപ്രാണം: തിരക്കും അപകടങ്ങളും വർധിച്ച മാപ്രാണത്തും കരുവന്നൂരും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ മാറ്റി സ്ഥാപിക്കാനുള്ള തീരുമാനം ജലരേഖയായി. തീരുമാനമെടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയൊന്നും ഉണ്ടായില്ല. ഡിസംബർ ഏഴിന് ഇരിങ്ങാലക്കുട നഗരസഭ ട്രാഫിക് റെഗുലേറ്ററി യോഗത്തിൽ ആണ് കേന്ദ്രങ്ങൾ മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചത്. പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുകയും അപകടങ്ങൾ വർധിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു തീരുമാനം. മൂന്ന് ദിവസത്തിനകം നടപടി കൈക്കൊള്ളുമെന്ന് നഗരസഭ അധികൃതർ ഉറപ്പ് നൽകിയിരുന്നു. മിനിറ്റ്സിെൻറ കോപ്പിയടക്കം നിർദേശങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ടെങ്കിലും എന്ന് മുതൽ കേന്ദ്രങ്ങൾ മാറ്റും എന്ന് വ്യക്തമായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. സ്ഥലം എം. എൽ.എയോടും ഈ കാര്യങ്ങൾ രേഖാമൂലം അറിയിക്കുകയുണ്ടായി. അപകടങ്ങൾ വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്രത്തിനായി സ്ഥലം നിർദേശിച്ചാൽ ഉടൻ നിർമിച്ച് നൽകാമെന്ന സന്നദ്ധ സംഘടനയുടെ വാഗ്ദാനവും ചെവിക്കൊള്ളാൻ തയ്യാറാകാത്ത നഗരസഭ പൊതു ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് മാടായിക്കോണം ഗ്രാമവികസന സമിതിയോഗം അഭിപ്രായപ്പെട്ടു. പ്രസിഡൻറ് ഉണ്ണികൃഷ്ണൻ കിഴുത്താണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ. മോഹനൻ, സി. നരേന്ദ്രൻ, പി. മുരളീധരൻ, ആർ. രതീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.