തൃശൂർ: മീസിൽ റുബെല്ല കുത്തിവെപ്പിന് ജില്ലയിൽ തണുപ്പൻ പ്രതികരണം. ഒക്ടോബർ മൂന്നിന് ആരംഭിച്ച കുത്തിവെപ്പ് ഇതുവരെ 3,40,000 (52 ശതമാനം) കുട്ടികൾക്ക് എടുത്തു. സംസ്ഥാനത്ത് ഒമ്പതാം സ്ഥാനമാണ് ജില്ലക്കുള്ളത്. 6.58 ലക്ഷം കുട്ടികളുള്ള ജില്ലയിൽ രണ്ടാഴ്ച പിന്നിടുേമ്പാൾ 52 ശതമാനം കുട്ടികളാണ് കുത്തിവെപ്പ് എടുത്തത്. അവണൂര്‍ പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ കുട്ടികൾക്ക് കുത്തിവെപ്പെടുത്തത്- -99.13 ശതമാനം. കടപ്പുറം, അണ്ടത്തോട്, പെരുമ്പിലാവ്, കൈപ്പമംഗലം, ഒരുമനയൂര്‍, പുന്നയൂര്‍, നാട്ടിക, കടങ്ങോട് എന്നിവിടങ്ങളിലാണ് കുറവ് കുട്ടികള്‍ കുത്തിവെപ്പ് എടുത്തത് -30 ശതമാനത്തില്‍ താഴെ. മീസില്‍ റുബെല്ല പരിപാടിയുടെ ജില്ല അവലോകനവും തുടര്‍ പ്രവര്‍ത്തനങ്ങളുടെ വിശദീകരണവും നടന്നു. കലക്ടര്‍ ഡോ. എ. കൗശിഗന്‍ അധ്യക്ഷത വഹിച്ചു. കലക്ടറുടെ ചേംമ്പറില്‍ നടത്തിയ കർമസമിതി യോഗത്തില്‍ വാക്‌സിനേഷന്‍ ശതമാനം കുറഞ്ഞ സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍, പി.ടി.എ പ്രസിഡൻറുമാര്‍, പഞ്ചായത്ത് പ്രസിഡൻറുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാര്‍, വിവിധ വകുപ്പുമേധാവികള്‍ എന്നിവര്‍ പങ്കെടുത്തു. കുത്തിവെപ്പ് ശതമാനം കുറഞ്ഞ പ്രദേശങ്ങളില്‍ നടത്തേണ്ട പ്രത്യേക ഇടപെടലുകളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. പഞ്ചായത്തുകളില്‍ പ്രസിഡൻറ് അധ്യക്ഷനും സെക്രട്ടറി കണ്‍വീനറുമായി പി.ടി.എ പ്രസിഡൻറ്, മെഡിക്കല്‍ ഓഫിസര്‍, കുടുംബശ്രീ ഭാരവാഹികള്‍, അങ്കണവാടി വര്‍ക്കര്‍, യൂത്ത് ക്ലബ് അംഗങ്ങള്‍, വാര്‍ഡ് ജനപ്രതിനിധികള്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, മതനേതാക്കള്‍ എന്നിവരുള്‍പ്പെടുന്ന കർമസമിതി രൂപവത്കരിച്ച് താഴെതട്ടിലേക്ക് ഊര്‍ജ്ജക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും യോഗം തീരുമാനിച്ചു. സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പ്രചാരണപ്രവര്‍ത്തനങ്ങളും നടത്തും. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സുഹിത, ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. കെ. ഉണ്ണികൃഷ്ണന്‍, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ടി.വി. സതീശന്‍, ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ. സന്തോഷ് രാജഗോപാല്‍, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫിസര്‍ കെ.കെ. ചിത്രലേഖ, ജില്ല എജുക്കേഷന്‍ മീഡിയ ഓഫിസര്‍ ഹരിതാദേവി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.