കൊല്ലാൻ പറഞ്ഞില്ല; സംഭവിച്ചത്​ കൈയബദ്ധമെന്ന്​ അഡ്വ. ഉദയഭാനു

തൃശൂർ: 120 ചോദ്യങ്ങളുമായാണ് അന്വേഷണസംഘം അഡ്വ. ഉദയഭാനുവിന് മുന്നിൽ എത്തിയത്. കൊലപാതകത്തിൽ അദ്ദേഹത്തിന് പങ്കുണ്ടെന്ന് തെളിയിക്കാൻ പര്യാപ്തമായ ചോദ്യങ്ങളിൽനിന്ന് പലപ്പോഴും വിദഗ്ധമായി ഒഴിഞ്ഞുമാറി. ചില വേളകളിൽ നിസ്സഹകരിക്കുന്ന സാഹചര്യവും ഉണ്ടായെന്നാണ് സൂചന. രാജീവി​െൻറ മരണം ആസൂത്രിതമല്ല എന്ന വാദമാണ് ഉദയഭാനു ആവർത്തിച്ചത്. വസ്തു ഇടപാടിനായി മുടക്കിയ പണം തിരിച്ചു കിട്ടണമെന്നേ ഉദ്ദേശിച്ചിരുന്നുള്ളൂ. അതിനായി ചില രേഖകളിൽ ഒപ്പിടീക്കാനായിരുന്നു ശ്രമം. 'കൊല്ലാൻ പറഞ്ഞിട്ടില്ല, ബന്ദിയാക്കി നിർബന്ധിച്ച് ഒപ്പിടീച്ച് പണം തിരിച്ചു വാങ്ങണമെന്നായിരുന്നു ഉദ്ദേശ്യം' എന്ന് ഉദയഭാനു പറഞ്ഞതായാണ് വിവരം. രാജീവ് വധക്കേസിൽ ആദ്യം അറസ്റ്റിലായ നാല് പ്രതികൾക്ക് സംഭവിച്ച 'കൈയബദ്ധ'മാണ് മരണമെന്ന് ഉദയഭാനു അന്വേഷണ സംഘത്തോട് പറഞ്ഞതത്രേ. മുരിങ്ങൂർ ആറ്റപ്പാലം ചാമക്കാല ഷൈജു, കോനൂർ സ്നേഹനഗർ പാലക്കാടൻ സത്യൻ, വെസ്റ്റ് ചാലക്കുടി മതിൽക്കൂട്ടം സുനിൽ, ആറ്റപ്പാലം വെളുത്തുപറമ്പിൽ രാജൻ എന്നിവരാണ് അങ്കമാലിയിൽനിന്ന് രാജീവിനെ ചാലക്കുടി നായരങ്ങാടിയിലേക്ക് കൊണ്ടുവന്നത്. ഇവർക്കു ശേഷം അറസ്റ്റിലായ അങ്കമാലി ചെറുമഠത്തിൽ ചക്കര ജോണി എന്ന ജോണിയും വാപ്പാലശ്ശേരി പൈനാടത്ത് രഞ്ജിത്തുമാണ് കാര്യങ്ങൾ നിയന്ത്രിച്ചത് എന്നും ഉദയഭാനു ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിട്ടുണ്ട്. തനിക്ക് രാജീവുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചുവത്രേ. അതേസമയം, വസ്തു വാങ്ങാൻ രാജീവിനെ ഏൽപിച്ച ഒന്നേകാൽ േകാടി രൂപയുടെ ഉറവിടത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് കൃത്യമായി പ്രതികരിച്ചില്ല. കൊലപാതകം നടന്ന സെപ്റ്റംബർ 29ന് ഉദയഭാനു ജോണിയുമായി 29 തവണയും രഞ്ജിത്തുമായി ആറ് തവണയും മൊബൈൽ ഫോണിൽ സംസാരിച്ചതി​െൻറ തെളിവുമായാണ് അന്വേഷണസംഘം സമീപിച്ചത്. മാത്രമല്ല, അതുകഴിഞ്ഞ് മൂവരും ആലപ്പുഴയിലെ ടവർ ലൊക്കേഷൻ പരിധിയിൽ ഉണ്ടായിരുന്നതി​െൻറ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ ഉന്നയിച്ചു. ചക്കര േജാണി ത​െൻറ കക്ഷിയാണെന്നും കക്ഷിയും അഭിഭാഷകനും തമ്മിലുള്ള വിളികളാണ് നടന്നതെന്നുമായിരുന്നു മറുപടി. രാജീവിന് അപായം സംഭവിച്ച വിവരം ഉദയഭാനു ഡിവൈ.എസ്.പിയുടെ ഫോണിൽ വിളിച്ച് അറിയിച്ചതി​െൻറ ശബ്ദരേഖ അന്വേഷണ സംഘത്തി​െൻറ പക്കലുണ്ട്. ഇതുൾപ്പെടെ ചില ശാസ്ത്രീയ തെളിവുകളുമായാണ് ചോദ്യം ചെയ്യൽ പുരോഗമിച്ചത്. ത​െൻറ വാദങ്ങളിൽ ഉദയഭാനു ഉറച്ചു നിൽക്കുകയാണെങ്കിലും അന്വേഷണ സംഘം തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.