നീറ്റ് പ്രവേശന പരീക്ഷ; കേരളമടക്കം ബി.ജെ.പി ഭരണമില്ലാത്ത സംസ്ഥാനങ്ങളെ തഴയുന്നു

തൃശൂർ: നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻ (എൻ.ബി.ഇ) നടത്തുന്ന നീറ്റ് (നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) പരീക്ഷക്ക് കേരളമടക്കമുള്ള ബി.ജെ.പി ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളോട് അവഗണന. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷക്ക് സംസ്ഥാനത്ത് അനുവദിച്ച സീറ്റുകൾ മ‍ണിക്കൂറുകൾക്കകം തീർന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അപേക്ഷിക്കേണ്ട ഗതികേടിലാണ് കേരള വിദ്യാർഥികൾ. നീറ്റ് പി.ജി, നീറ്റ് എം.ഡി.എസ് എൻട്രൻസ് പരീക്ഷക്ക് ചൊവ്വാഴ്ച മുതലാണ് ഓൺലൈനായി അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്. സംസ്ഥാനത്തിന് അനുവദിച്ച 1500ൽ താഴെ സീറ്റുകൾ രാത്രി 11ഓടെ തീർന്നു. പതിനായിരത്തിലധികം അപേക്ഷകരാണ് കേരളത്തിലുള്ളത്. അപേക്ഷിച്ച പലർക്കും സംവരണ വിഭാഗത്തിൽ ഫീസടക്കാനും കഴിഞ്ഞിട്ടില്ല. ജനറൽ, ഒ.ബി.സി നോൺ ക്രീമിെലയർ, എസ്.സി/എസ്.ടി എന്നിങ്ങനെ മൂന്ന് വിഭാഗത്തിലാണ് ഫീസ് അടക്കേണ്ടത്. ഫീസ് അടക്കാൻ അവസരം ലഭിക്കാത്തതിനാൽ ഒ.ബി.സി വിദ്യാർഥികൾ ജനറൽ വിഭാഗത്തിലാണ് അപേക്ഷിച്ചത്. ഇവർക്ക് നീറ്റ് വഴി പ്രവേശനം കിട്ടിയാൽ സംവരണ ആനുകൂല്യങ്ങൾ ലഭിക്കില്ല. ബുധനാഴ്ച രാവിലെ അനുവദിച്ച 100ൽ താഴെ സീറ്റുകളും മിനിറ്റുകൾക്കുള്ളിൽ പൂർത്തിയായി. അയൽസംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്നാട്ടിലും ഇതേസ്ഥിതിയാണ്. സംസ്ഥാനത്ത് പരീക്ഷയെഴുതാൻ അവസരം ലഭിക്കാത്തവർ ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ അപേക്ഷിക്കാറുണ്ട്. കേരളത്തിലേക്ക് കൂടുതൽ സീറ്റ് അനുവദിച്ചില്ലെങ്കിൽ ആയിരത്തിലധികം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന ഉത്തർപ്രദേശ്, ഗുജറാത്ത്, അരുണാചൽപ്രദേശ്, തെലങ്കാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പോയി കേരളത്തിലെ വിദ്യാർഥികൾ പരീക്ഷ എഴുതേണ്ടിവരും. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് പരീക്ഷ കേന്ദ്രങ്ങളുള്ളത്. മെട്രോ ആയ എറണാകുളത്തെ പരീക്ഷ കേന്ദ്രമായി പരിഗണിച്ചിട്ടില്ല. എയിംസ് പ്രവേശന പരീക്ഷ സംസ്ഥാനത്ത് 10 കേന്ദ്രങ്ങളിൽ നടത്തിയ സ്ഥാനത്താണ് നീറ്റിൽ ഇത്തരമൊരു പ്രതിസന്ധിയെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. കംപ്യൂട്ടർ അധിഷ്ഠിത പരീ‍ക്ഷ ആയതിനാലാണ് സീറ്റുകൾ നിജപ്പെടുത്തുന്നത്. അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി വിദ്യാർഥികൾക്ക് ലഭിച്ചില്ല. നവംബർ 27 വരെ ഓൺലൈനായി അപേക്ഷിക്കാൻ സമയം നൽകിയിട്ടുണ്ട്. അനുവദിച്ച സീറ്റുകൾ തീർന്നതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അപേക്ഷിക്കേണ്ട അവസ്ഥയാണ്. കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നീറ്റ് പ്രവേശന പരീക്ഷക്ക് സീറ്റ് കുറഞ്ഞത് പരിഹരിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.