കുറ്റിപ്പുറം: കേരളത്തിലെ 196 സർക്കിൾ ഇൻസ്പെക്ടർമാരെ എസ്.എച്ച്.ഒമാരായി നവംബർ ഒന്നു മുതൽ പൊലീസ് സ്റ്റേഷനിൽ നിയമിക്കാനുള്ള ഉത്തരവ് അടുത്ത ജനുവരി വരെ മരവിപ്പിച്ചു. ബുധനാഴ്ച മുതൽ സി.ഐമാർ പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്കെത്തണമെന്ന ഉത്തരവിനെതിരെ സേനയിൽ പ്രതിഷേധം പുകയുന്നുണ്ടെന്ന് 'മാധ്യമം' വാർത്ത നൽകിയിരുന്നു. സുപ്രീംകോടതി ഉത്തരവ് പ്രകാരം ൈക്രം, ലോ ആൻഡ് ഓർഡർ എന്നിവ വേർതിരിക്കുന്നതിനായി സ്റ്റേഷൻ ചുമതല ബുധനാഴ്ച മുതൽ സി.ഐമാർക്കാക്കി സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഈ ഉത്തരവിൽ സ്റ്റേഷനിലെത്തുന്ന സി.ഐമാർക്കുള്ള ഇരിപ്പിടം, ചുമതലയുള്ള രണ്ട് എസ്.ഐമാരുടെ ഇരിപ്പിടം, ഫയലുകൾ സൂക്ഷിക്കാനുള്ള സംവിധാനം, സി.ഐമാർ നിലവിൽ അന്വേഷിക്കുന്ന കേസുകൾ ആര് അന്വേഷിക്കും തുടങ്ങിയ നിരവധി ആശയക്കുഴപ്പങ്ങൾക്കും ആശങ്കക്കും കാരണമായിരുന്നു. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ നടപ്പാക്കിയാലുണ്ടാകുന്ന പ്രതിസന്ധി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പൊലീസ് മേധാവിയെ ധരിപ്പിച്ചിരുന്നു. പുതിയ സംവിധാനം നേരിട്ട് ബാധിക്കുന്ന ഉദ്യോഗസ്ഥരെ ചർച്ചക്ക് വിളിച്ചില്ലെന്ന പരാതിയുമുണ്ട്. പൊലീസ് സ്റ്റേഷനുകളിൽ രണ്ട് എസ്.ഐമാർക്കായി രണ്ട് റൂമുകൾ സജ്ജീകരിക്കുക, സി.ഐക്കായി പ്രത്യേക സംവിധാനം ഒരുക്കുക, ഏതെല്ലാം കേസുകൾ കൈമാറണമെന്ന വിശദമായ റിപ്പോർട്ട് നൽകുക, ഓരോ എസ്.ഐക്കും അനുവദിക്കുന്ന സ്റ്റാഫുകളുടെ എണ്ണം ഉറപ്പാക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഉദ്യോഗസ്ഥർ പൊലീസ് മേധാവിക്ക് മുന്നിൽ സമർപ്പിച്ചത്. ന്യൂനതകൾ പരിഹരിച്ച് പുതുവർഷത്തോടെ സി.ഐമാർ സ്റ്റേഷനിലെത്തുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.