തൃശൂർ: നിർമാണ മേഖലയിലുണ്ടായ തളർച്ച തൊഴിൽദിനങ്ങളുടെ എണ്ണം കുറക്കുകയും ശമ്പളത്തിനുള്ള കാലതാമസം വർധിപ്പിക്കുകയും ചെയ്തതോടെ ഇതരസംസ്ഥാന തൊഴിലാളികൾ മടങ്ങുന്നു. ഖനന പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണം വന്നതും നോട്ട് നിരോധനം ഏൽപിച്ച ആഘാതവും പ്രധാന കാരണമാണ്. ഇതര സംസ്ഥാന തൊഴിലാളികൾ വിവിധ കോൺട്രാക്ടുകാർ മുഖേനെയാണ് കേരളത്തിലേക്കെത്തുന്നത്. ഇവരിൽ പലരും ഇപ്പോൾ തിരിച്ചു പോവുകയാണ്. ജില്ലയിൽ നടക്കുന്ന പ്രധാന ജോലികളിലൊന്നായ ദേശീയപാത നിർമാണത്തിനെത്തുന്നവരും തിരികെപോവുകയാണ്. കോൺട്രാക്ടർമാർക്ക് തൊഴിലാളികളെ കിട്ടാത്ത സ്ഥിതിയുണ്ട്. മണ്ണ്, പാറ ഖനനത്തിന് കടുത്ത നിയന്ത്രണങ്ങൾ വന്നതോടെ ഇതുമായി ബന്ധപ്പെട്ട നിർമാണമേഖലയിൽ കഴിഞ്ഞവർഷം മുതൽ മാന്ദ്യം ബാധിച്ചിരുന്നു. ഇതിനിടെയാണ് ഇരുട്ടടിപോലെ നോട്ട് ക്ഷാമവും വന്നത്. ഖനനത്തിന് അനുമതിയില്ലാത്തത് ദേശീയപാത നിർമാണത്തെയുൾപ്പെടെ ബാധിച്ചു. തൊഴിൽദിനങ്ങളുടെ എണ്ണവും കുറച്ചു. 900ഓളം ഇതര സംസ്ഥാനതൊഴിലാളികളാണ് ദേശീയപാത നിർമാണത്തിനുള്ളത്. മൂന്ന് കോൺട്രാക്ടർമാരാണ് ഇവരെ എത്തിക്കുന്നത്. മണ്ണിനുള്ള ക്ഷാമം നിമിത്തം ഇവരിൽ ഒരുകൂട്ടം നാട്ടിലേക്ക് തിരിച്ചുപോയിരുന്നു. തൊഴിലാളികൾ എത്തിയാലും ഇവിടെ സ്ഥിരമായി പിടിച്ചുനിൽക്കുന്നവർ കുറവാണെന്ന് കോൺട്രാക്ടർമാർ പറയുന്നു. മൂന്നോ നാലോ മാസം കഴിയുമ്പോഴോ ഉത്സവത്തോടനുബന്ധിച്ചോ തിരിച്ചുപോകുന്നവർ പിന്നീട് തിരികെയെത്തുന്നില്ല. അതേസമയം, തൊഴിൽ ചൂഷണങ്ങളും ഇവരുടെ തിരിച്ചുപോക്കിന് കാരണമാകുന്നുണ്ട്. മറ്റ് തൊഴിലാളികളെ അപേക്ഷിച്ച് കൂടുതൽ സമയ ജോലിയും കുറഞ്ഞ ശമ്പളവുമാണ് മിക്കവരെയും അകറ്റുന്നത്. എത്തുന്നവരിൽ ഭൂരിഭാഗവും അവിദഗ്ധ തൊഴിലാളികളായതിനാൽ ചൂഷണം വർധിക്കുകയാണ്. കൂലി ലഭിക്കുന്നത് താളം തെറ്റിയതാണ് തൊഴിലാളികൾ നാടുകടക്കാനുള്ള കാരണം. നോട്ട് ക്ഷാമം വന്നതോടെ വൻകിട കമ്പനികൾ പോലും സാമ്പത്തിക പ്രതിസന്ധിയിൽപെട്ടു. തൊഴിൽ ദിനങ്ങളും കുറഞ്ഞു. ഷിഫ്റ്റുകളായി ജോലിനോക്കുന്നവർ മിക്കവാറും തൊഴിലിടത്തോട് ചേർന്ന് ഷെൽട്ടറുകളിലാണ് താമസം. മുറിയെടുത്ത് കൂട്ടത്തോടെ താമസിക്കുന്നവരുമുണ്ട്. മണ്ണ് ലഭ്യത കുറഞ്ഞതോടെ വീടുകളുടെ നിർമാണത്തെ ഉൾപ്പെടെ ബാധിച്ചു. അംഗത്വമുള്ളവർക്ക് രണ്ടുലക്ഷം വരെ അപകട ഇൻഷുറൻസ് നൽകുന്ന ആവാസ് പദ്ധതി, മെച്ചപ്പെട്ട പാർപ്പിടം ലഭ്യമാക്കാനുള്ള അപ്നാ ഘർ പദ്ധതി, ആരോഗ്യ ഇൻഷുറൻസ് പദ്ധതി എന്നിങ്ങനെ ഇതര സംസ്ഥാനക്കാർക്കായി സർക്കാർ നടപ്പാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.