ഹോട്ടലുകളില്‍ ഇനി ‘കൈകഴുകണ്ട’

തൃശൂര്‍: ഭക്ഷണത്തിന് മുമ്പും ശേഷവും കൈകഴുകുന്ന പതിവ് വേണ്ടന്ന് ഹോട്ടലുകാര്‍. കൈകഴുകലിന് പകരം നാപ്കിന്‍ ഉപയോഗിച്ച് തുടയ്ക്കാം. കടുത്ത വരള്‍ച്ച കാരണം വെള്ളത്തിന്‍െറ ഉപയോഗത്തിലുള്ള നിയന്ത്രണമാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഹോട്ടലുകളില്‍നിന്നുള്ള മലിനജലം പുറത്തേക്ക് ഒഴുക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിലും ഇക്കാര്യത്തിലുള്ള നടപടികളിലും പ്രതിഷേധിച്ചാണ് നാപ്കിന്‍ പ്രചരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ജില്ലയില്‍ ഭക്ഷണം വില്‍ക്കുന്ന ചെറുതും വലുതുമായ 75,000 സ്ഥാപനങ്ങളുണ്ട്. നാപ്കിനിന് പുറമെ ഡിസ്പോസിബിള്‍ പ്ളേറ്റും ഗ്ളാസും ഏര്‍പ്പെടുത്താനും ഉടമകളുടെ അസോസിയേഷന്‍ ആലോചിക്കുകയാണ്. വായ കഴുകാനും കുടിക്കാനും ശുദ്ധജലം ഡിസ്പോസിബിള്‍ ഗ്ളാസില്‍ കൊടുക്കും. സര്‍ക്കാര്‍-സ്വകാര്യ ഓഫിസുകള്‍, ആശുപത്രി, വീടുകള്‍ എന്നിവയില്‍നിന്ന് കാനയിലേക്ക് മലിനജലം ഒഴുക്കുന്നതിന് തടസ്സം പറയാത്തവര്‍ ഹോട്ടലുകളുടെ കാര്യത്തില്‍ മാത്രം നിയമം പറയുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്‍റ് അസോസിയേഷന്‍ പറയുന്നു. ശുചിത്വ ഭാരതത്തിനായി ശ്രമിക്കുകയും ജനങ്ങള്‍ക്ക് സൗജന്യ ശുചിമുറികള്‍ തുറന്നുകൊടുക്കുകയും ചെയ്ത തങ്ങളോടാണ് അന്യായമായ നടപടികള്‍ സ്വീകരിക്കുന്നതെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.