ക്വാറി ചട്ടങ്ങളിലെ ഭേദഗതി പ്രകടന പത്രികക്ക്​ വിരുദ്ധം: ശാസ്ത്രസാഹിത്യ പരിഷത്ത്

തൃശൂർ: ഖനനം പൊതുമേഖലയില്‍ കൊണ്ടുവരുമെന്ന് പ്രകടനപത്രികയിലെ വാഗ്ദാനത്തിലൂടെ പ്രതീക്ഷ നൽകിയ ഇടത് മുന്നണി ധിറുതിപിടിച്ച് ഖനന ചട്ടങ്ങളില്‍ അയവുവരുത്തുന്നത് പ്രതിഷേധാര്‍ഹമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. അനധികൃതവും അശാസ്ത്രീയവുമായ ഖനനംമൂലം കേരളത്തിലങ്ങോളമിങ്ങോളം നിരവധി പാരിസ്ഥിതികപ്രശ്‌നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ക്വാറികളുടെ ദൂരപരിധി കുറച്ചും ലൈസന്‍സ് കാലാവധി നീട്ടിയും വ്യവസായ വകുപ്പ് ഇറക്കിയ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് പരിഷത്ത് പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. അനധികൃതവും അശാസ്ത്രീയവുമായ ഖനനം മൂലം കേരളത്തിലങ്ങോളമിങ്ങോളം നിരവധി പാരിസ്ഥിതികപ്രശ്‌നങ്ങളാണുള്ളതെന്നും റവന്യൂ-വനഭൂമി ൈകയേറി നിയമങ്ങള്‍ പാലിക്കാതെയും പാരിസ്ഥിതിക സന്തുലിതാവസ്ഥ തകിടം മറിച്ചുമുള്ള ക്വാറി മാഫിയയുടെ പ്രവര്‍ത്തനം സംസ്ഥാനത്താകെ ചെറുതും വലുതുമായ നിരവധി സംഘര്‍ഷങ്ങള്‍ രൂപപ്പെട്ടുവരാന്‍ ഇടയാക്കിയിട്ടുണ്ടെന്ന് പത്രക്കുറിപ്പിൽ പരിഷത്ത് ചൂണ്ടിക്കാട്ടി. ചില ഉദ്യോഗസ്ഥരെയും രാഷ്ട്രീയപ്രവര്‍ത്തകരെയും ൈകയിലെടുത്ത് ജനങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഇവരുടെ ഇടപെടല്‍ കേരളത്തിലെ സ്വൈരജീവിതം തന്നെ തകര്‍ക്കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. ഇതെല്ലാം കണക്കിലെടുത്താണ് അഞ്ച് ഹെക്ടറില്‍ താഴെയുള്ള ഖനനത്തിനും പാരിസ്ഥിതികാനുമതി സുപ്രീംകോടതി നിര്‍ബന്ധമാക്കിയത്. ആഗോളതാപനത്തി​െൻറയും കാലാവസ്ഥാവ്യതിയാനത്തി​െൻറയും പശ്ചാത്തലത്തില്‍ അനാവശ്യനിര്‍മാണങ്ങള്‍ ഒഴിവാക്കിയും ഗ്രീന്‍ ടെക്‌നോളജി സങ്കേതങ്ങള്‍ ഉപയോഗിച്ചും നിര്‍മാണമേഖലയില്‍ ശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് പ്രകൃതിവിഭവങ്ങളുടെ ഉപയോഗം നിയന്ത്രിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളേണ്ടത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇത്തരം ആലോചനകളോ അനധികൃത മാഫിയകള്‍ക്കെതിരെയുള്ള നടപടികളോ ഉണ്ടാകാതെ ധിറുതിപിടിച്ച് ഖനന ചട്ടങ്ങളില്‍ അയവുവരുത്തിയതിൽ പരിഷത്ത് പ്രതിഷേധിച്ചു. അതുകൊണ്ട് തന്നെ ഭേദഗതി അടിയന്തരമായി പിന്‍വലിച്ച് ഖനനം പൊതുനിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന് നടപടിയെടുക്കണമെന്നും പരിഷത്ത് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.