കൊടുങ്ങല്ലൂർ: ശ്രീനാരായണപുരത്ത് അടച്ചുപൂട്ടിയ വിദേശ മദ്യശാല വീണ്ടും പൊക്ലായിയിലേക്ക് കൊണ്ടുവരാൻ അണിയറ നീക്കം. നേരത്തേ ഇവിടേക്ക് മദ്യശാല മാറ്റാനുള്ള ശ്രമം നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. വീണ്ടും ഇവിടെ തുറക്കാനുള്ള നീക്കം തുടങ്ങിയതോടെ പൊക്ലായിയിൽ സമരസ്ഥലത്തുനിന്ന് അപ്രത്യക്ഷമായതും നശിപ്പിച്ചതുമായ വിവിധ സംഘടനകളുടെ കൊടികൾ പുനഃസ്ഥാപിച്ചു. കൊടികൾ നശിപ്പിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകാനും സമരം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. ആദ്യം മതിൽ മൂലയിലായിരുന്നു മദ്യശാല തുറക്കാൻ ശ്രമിച്ചത്. ഇത് പരാജയപ്പെട്ടതോടെ പോഴങ്കാവിലേക്ക് മാറ്റാൻ ശ്രമം. നാട്ടുകാർ പ്രതിഷേധം ഉയർത്തിയതോടെ പൊക്ലായിയിലേക്ക് മാറ്റാൻ ശ്രമിച്ചു. ഇവിടെയും പ്രതിഷേധം ശക്തമായതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഒരിടവേള സമരം ശമിച്ചതോടെയാണ് വീണ്ടും പൊക്ലായിയിലേക്ക് മാറ്റാൻ അധികൃതർ ശ്രമിക്കുന്നത്. വ്യക്തിയുടെ കെട്ടിടത്തിൽ നടക്കുന്ന മുന്നൊരുക്കവും സമരത്തിന് പിന്തുണയുമായി രാഷ്ടീയ പാർട്ടികൾ ഉൾപ്പെടെ വിവിധ സംഘടനകൾ സ്ഥാപിച്ച കൊടികളെല്ലാം നശിപ്പിച്ചതും മദ്യശാല തുറക്കുന്നതിെൻറ ഭാഗമാണെന്ന് നാട്ടുകാർ ആരോപിച്ചു. പുതിയ മദ്യനയം നിലവിൽ വരുന്നതോടെ പൊക്ലായിയിൽ മദ്യശാല വന്നേക്കുമെന്നും സമരക്കാർ സംശയിക്കുന്നു. 82 ദിവസം മുമ്പ് തുടക്കംകുറിച്ച വിദേശ മദ്യശാലവിരുദ്ധ സമരം പൂർവാധികം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ. ബുധനാഴ്ച സമരപ്പന്തലിൽ നടന്ന സമരസമിതി യോഗം ഇതിന് തീരുമാനമെടുത്തു. കൊടികൾ നശിപ്പിച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തിയ യോഗം ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകും. കെട്ടിട ഉടമയെ കണ്ട് കെട്ടിടം മദ്യശാലക്ക് വിട്ടുകൊടുക്കരുതെന്ന് ആവശ്യപ്പെടാനും തീരുമാനിച്ചു. വാർഡ് അംഗവും സമരസമിതി ചെയർമാനുമായ ഹേമലത ഗോപാലൻ അധ്യക്ഷത വഹിച്ചു. സി.പി.എം, സി.പി.െഎ, കോൺഗ്രസ്, ബി.ജെ.പി, വെൽെഫയർ പാർട്ടി, മുസലിം ലീഗ്, ധീവരസഭ പാർട്ടി പ്രതിനിധികളും സാമൂഹിക സാംസ്കാരിക പ്രവർത്തകരും പെങ്കടുത്തു. ആഴ്ചയിലൊരിക്കൽ യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്താനും തീരുമാനിച്ചു. യോഗത്തിനുശേഷം സ്ത്രീകൾ ഉൾപ്പെടെ സമരസമിതിക്കാർ കൊടികളുടെ നിറം നോക്കാതെ അവയെല്ലാം പുനഃസ്ഥാപിച്ചു. ഏതാനും ദിവസം മുമ്പ് പോഴങ്കാവിൽ മദ്യശാല സ്ഥാപിക്കാൻ നടത്തിയ ശ്രമം സി.പി.എമ്മിെൻറ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞിരുന്നു. പൊക്ലായിയിലും സി.പി.എം നേതാക്കളുടെ പിന്തുണയോടെയാണ് സമരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.