സർക്കാറിന് കൂടുതൽ വരുമാനം നൽകുന്ന വകുപ്പായി എക്സൈസ് മാറും -ഋഷിരാജ് സിങ് തൃശൂർ: ചരക്ക്, സേവന നികുതി നടപ്പാക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാറിന് കൂടുതൽ വരുമാനം ലഭിക്കുന്ന വകുപ്പായി എക്സൈസ് മാറുമെന്ന് എക്സൈസ് കമീഷണർ ഋഷിരാജ് സിങ് പറഞ്ഞു. രാമവർമപുരം പൊലീസ് അക്കാദമിയിൽ അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ എക്സൈസ് ഓഫിസർമാരുടെ ആദ്യ ബാച്ചിെൻറ പാസിങ് ഔട്ട് പരേഡിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൗ വർഷം സംസ്ഥാനത്ത് വ്യാജ വാറ്റ് ഇല്ലാതാക്കും. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കർശനമാക്കും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലഹരി ഉപയോഗ കേസുകൾ രജിസ്റ്റർ ചെയ്ത സംസ്ഥാനമായി കേരളം മാറി. ഒരു വർഷത്തിനകം 1,43,215 റെയ്ഡുകൾ നടന്നു. 26,489 അബ്കാരി കേെസടുത്തു. 23,588 പേരെ അറസ്റ്റ് ചെയ്തു. ഈ വർഷം 4,299 ലഹരിമരുന്ന് വിരുദ്ധ കേസുകൾ രജിസ്റ്റർ ചെയ്തു. മുൻവർഷങ്ങളെ അപേക്ഷിച്ച നാല് ഇരട്ടി അധികമാണിത്. 4,608 പേരെ ജയിലിലടച്ചു. 1,000 കിലോ കഞ്ചാവും 350 ടൺ പുകയില ഉൽപന്നങ്ങളുമാണ് ഒരു വർഷത്തിനകം പിടികൂടിയത്. വകുപ്പിന് കീഴിലെ 43 ചെക്ക് പോസ്റ്റുകൾ ആധുനികവത്കരിക്കും. ഓഫിസ് കമ്പ്യൂട്ടർവത്കരണ നടപടി പുരോഗമിക്കുകയാണ്. എട്ട് ജില്ല കാര്യാലയങ്ങൾക്ക് കെട്ടിടം നിർമിക്കാൻ അനുമതിയായി. വയനാട്, തൃശൂർ, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ പുതിയ കെട്ടിടങ്ങൾക്ക് ഉടൻ തറക്കല്ലിടും. അനുമതി ലഭിച്ച 12 താലൂക്ക് കാര്യാലയങ്ങളിൽ ആറിടത്തെ നിർമാണം ഈ വർഷം തുടങ്ങും -അദ്ദേഹം പറഞ്ഞു. 1,331 സിവിൽ എക്സൈസ് ഓഫിസർമാരാണ് പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്തത്. അക്കാദമി ഡയറക്ടർ അനൂപ് കുരുവിളയും എക്സൈസ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.