ഗുരുവായൂര്‍: കാര്‍ഷിക സമൃദ്ധിയുടെ സുവര്‍ണ സ്മൃതികളില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറ നടന്നു. നിറ കണ്ട് വണങ്ങാനും കതിരേറ്റുവാങ്ങി സായൂജ്യമടയാനുമായി ആയിരങ്ങള്‍ ക്ഷേത്രത്തിലെത്തി. രാവിലെ 10.30ഓടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. കിഴക്കേനടയിലെ പ്രത്യേക മണ്ഡപത്തില്‍ ഒരുക്കിയ കതിര്‍കറ്റകള്‍ പാരമ്പര്യ അവകാശികളായ മനയത്ത്, അഴീക്കല്‍ കുടുംബങ്ങളിലെ കാരണവന്മാര്‍ തലച്ചുമടായി ക്ഷേത്രത്തിന് മുന്നിലെ ദീപസ്തംഭത്തിന് മുന്നിലെത്തിച്ചു. അരിമാവണിയിച്ച നാക്കിലയിലെ കതിര്‍കറ്റകളില്‍ തീര്‍ഥം തളിച്ചശേഷം കീഴ്ശാന്തിമാര്‍ ചേര്‍ന്ന് കറ്റകള്‍ തലയിലേന്തി നാലമ്പലത്തിലേക്ക് കൊണ്ടുപോയി. ശംഖനാദവും കുത്തു വിളക്കും വാദ്യഘോഷങ്ങളും അകമ്പടിയായി. നാലമ്പലത്തിനകത്ത് നമസ്‌കാരമണ്ഡപത്തില്‍ മേല്‍ശാന്തി മധുസൂദനന്‍ നമ്പൂതിരി പട്ടില്‍ പൊതിഞ്ഞ ആദ്യ കതിര്‍ ശ്രീലകത്ത് സമര്‍പ്പിച്ചു. ഉപദേവന്മാര്‍ക്കും നിറനടത്തി. നിറക്കുശേഷം പൂജിച്ച കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്തു. പുതുനെല്ലിെൻറ അരികൊണ്ട് പുത്തരിപായസം നിവേദിക്കുന്ന ചടങ്ങായ തൃപ്പുത്തരി ആഗസ്റ്റ് 26നാണ്. ഉപ്പുമാങ്ങയും പത്തിലക്കറിയും ഉച്ചപൂജക്ക് നിവേദിക്കുന്നതും തൃപ്പുത്തരിയുടെ പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.