കുന്നംകുളം: ദീർഘദൂര സ്വകാര്യ ബസുകൾ പാതിവഴിയിൽ സർവിസ് നിർത്തി യാത്രക്കാരെ ഇറക്കിവിടുന്നത് പതിവാകുന്നു. കോഴിക്കോട് - തൃശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ വഴിയിൽ യാത്രക്കാരെ ഇറക്കിവിടുന്നത് സംഘർഷാവസ്ഥക്ക് പോലും ഇടയാക്കുന്നു. രാത്രി ഒമ്പതിന് ശേഷം തൃശൂരിലേക്ക് പോകുന്ന നിരവധി ബസുകൾ കുന്നംകുളത്തും കേച്ചേരിയിലും യാത്രക്കാരെ ഇറക്കിവിടുന്നതാണ് പരാതികൾക്ക് കാരണമായിട്ടുള്ളത്. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാരാണ് ബസ് ജീവനക്കാരുടെ നിയമലംഘനത്തിന് ഇരയാകുന്നത്. വഴിയിൽ ഇറക്കിയത് ചോദ്യം ചെയ്താൽ ബസ് ജീവനക്കാർ അസഭ്യം പറഞ്ഞ് രക്ഷപ്പെടും. കഴിഞ്ഞ ദിവസം തൃശൂരിലേക്ക് യാത്ര പുറപ്പെട്ടയാളെ വഴിമേധ്യ ഇറക്കിവിട്ടത് തർക്കത്തിനിടയാക്കി. കോഴിക്കോട് നിന്ന് കുടുംബമായി യാത്ര തിരിച്ച ദമ്പതികളോട് കുന്നംകുളത്ത് ഇറങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ, അതിന് തടസ്സം പറഞ്ഞവരെ അസഭ്യം പറഞ്ഞ് ഇറക്കിവിട്ടു. പിന്നീട് കുന്നംകുളം - തൃശൂർ ബസ് ചാർജ് യാത്രക്കാർക്ക് നൽകി. അത് വാങ്ങാൻ വിസമ്മതിച്ചതോടെ പണം മുഖത്തേക്ക് വലിച്ചെറിഞ്ഞ് കണ്ടക്ടർ മുങ്ങി. കെ.എസ്.ആർ.ടി.സി ബസിൽ കയറാതെ സ്വകാര്യബസ് ജീവനക്കാരെൻറ നിർബന്ധത്തെത്തുടർന്നാണ് കോഴിക്കോട് നിന്ന് യാത്ര പുറപ്പെട്ടതെന്ന് യാത്രമധ്യേ ഇറങ്ങേണ്ടി വന്ന യാത്രക്കാരൻ ചാലക്കുടി സ്വദേശി മണികണ്ഠൻ പറഞ്ഞു. ഇത്തരത്തിൽ പാതിവഴിയിൽെപട്ടവർ രാത്രി പരാതി പറയാനോ നടപടി ആവശ്യപ്പെടാനോ തയാറാകാറില്ല. കുന്നംകുളത്ത് എത്തുന്ന ബസുകളിൽ തൃശൂരിലേക്കുള്ള യാത്രക്കാരുടെ എണ്ണക്കുറവാണ് ശേഷിക്കുന്നവരെ വഴിയിലിറക്കാൻ ജീവനക്കാരെ പ്രേരിപ്പിക്കുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കൂടെയുണ്ടെങ്കിൽ പലരും പ്രതികരിക്കാനും മടി കാണിക്കും. ആഴ്ചയിൽ അഞ്ചിലധികം സംഭവങ്ങൾ ഇത്തരത്തിൽ കുന്നംകുളത്ത് ഉണ്ടായി. പല ബസ് ജീവനക്കാരും ശേഷിക്കുന്ന ഭാഗത്തേക്ക് പോകുന്നതിനുള്ള ബസ് ചാർജ് തിരിച്ചുകൊടുക്കാനും തയാറാകാറില്ല. യാത്രക്കാർ പ്രതികരിക്കാനും പൊലീസിൽ പരാതിപ്പെടാനും മുതിരാത്തത് ബസ് ജീവനക്കാർക്ക് ഏറെ സൗകര്യമയി. തൃശൂരിൽ നിന്ന് കോഴിക്കോട് ബസിൽ കയറുന്ന യാത്രക്കാരെ കേച്ചേരിയിൽ ഇറക്കിവിടുന്നത് നിത്യസംഭവമാണ്. കേച്ചേരി - അക്കിക്കാവ് ബൈപാസ് വഴിയിലൂടെ കടന്നുപോകുന്നതിെൻറ ഭാഗമായാണ് ഇത്തരത്തിൽ പെരുമാറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.