കൊടുങ്ങല്ലൂർ: തിരുവള്ളൂർ വി.വി. കൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ ഗവ. എൽ.പി സ്കൂളിലെ കുരുന്നുകൾക്ക് ഇനി അഭിമാനിക്കാം. അയൽപക്കത്തെ ഏത് സ്വകാര്യ സ്കൂളിലെ സൗകര്യങ്ങൾക്കും ഒരു ചുവടുമുമ്പേയാണ് അവരുടെ സ്കൂൾ. തെരഞ്ഞെടുത്ത സർക്കാർ സ്കൂളുകൾ ഹൈടെക്കാക്കുന്ന പ്രവർത്തനം തുടങ്ങുംമുമ്പേ കൊടുങ്ങല്ലൂരിൽ ഒരു എൽ.പി സ്കൂൾ സമ്പൂർണ ഹൈടെക്കാക്കി നഗരസഭ ഒരു ചുവട് മുന്നിലെത്തി. തിരുവള്ളൂർ വി.വി. കൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ ഗവ. എൽ.പി സ്കൂളിൽ വിദ്യാർഥികൾക്കുള്ള സൗകര്യങ്ങൾ കേട്ടാൽ അതിശയിക്കും. കംപ്യൂട്ടർ കണക്റ്റിവിറ്റിയുള്ള 50 ഇഞ്ച് എൽ.ഇ.ഡി ടെലിവിഷൻ, എല്ലാ ക്ലാസ് മുറികളിലും മൈക്ക് സിസ്റ്റം, ഗ്രില്ലുകൾക്കെല്ലാം വശങ്ങളിലേക്ക് നീക്കി തുറക്കാവുന്ന ഗ്ലാസ് ഷട്ടറുകൾ, പഠന മുറികളിലെല്ലാം സീലിങ്, എല്ലാ അധ്യാപകർക്കും ലാപ്ടോപ്... നഗരസഭാ അധികൃതരാണ് എൽ.പി സ്കൂൾ ഹൈടെക്ക് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പ്രീപ്രൈമറി ഉൾപ്പെടെ സംസ്ഥാനത്ത് ആദ്യമായി ഹൈടെക്കായി മാറുന്ന പൊതുവിദ്യാലയവും തദ്ദേശ സ്വയംഭരണ സ്ഥാപനം ഹൈടെക്ക് മികവിലേക്ക് ഉയർത്തുന്ന വിദ്യാലയവും കൊടുങ്ങല്ലൂരിലെ തിരുവെള്ളൂർ സ്കൂളാണെന്ന് നഗരസഭാ അധികൃതർ അവകാശപ്പെട്ടു. ഈ സാമ്പത്തിക വർഷ പദ്ധതിയിൽ 17 ലക്ഷം ചെലവിട്ടാണ് ഹൈടെക്ക് എൽ.പി സ്കൂളിനെ അണിയിച്ചൊരുക്കിയത്. ആഗസ്റ്റ് 19ന് വൈകീട്ട് 3.30ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുമെന്ന് അധ്യക്ഷൻ സി.സി. വിപിൻ ചന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.