മണ്ണെടുപ്പുമൂലം തകർന്ന ബീച്ച് റോഡ് നന്നാക്കിയില്ല; ഉപകരണങ്ങൾ കടത്തുന്നത് തടഞ്ഞു

തൃപ്രയാർ: വ്യക്തി മണ്ണെടുത്തതുമൂലം തകർന്ന നാട്ടിക ബീച്ച് റോഡ് നന്നാക്കാതെ മണ്ണുമാന്തി ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കടത്തിക്കൊണ്ടുപോകുന്നത് നാട്ടിക പഞ്ചായത്ത് പ്രസിഡൻറ് പി. വിനുവി​െൻറ നേതൃത്വത്തിൽ തടഞ്ഞു. പ്രസിഡൻറ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെയും ജനപ്രതിനിധികളെയും സ്ഥലത്തെത്തിയ പൊലീസ് മർദിച്ചെന്ന് ആരോപിച്ച് ബുധനാഴ്ച നാട്ടിക പഞ്ചായത്തിൽ കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തു. കെട്ടിടനിർമാണാനുമതി സമ്പാദിച്ച വ്യക്തിയുടെ സ്ഥലത്തുനിന്ന് വൻതോതിൽ മണ്ണെടുത്ത് വിൽപന നടത്തുകയും ഇതി​െൻറ ആഘാതത്തിൽ സമീപത്തെ നാട്ടിക ബീച്ച് റോഡ് തകരുകയുമായിരുന്നു. സമീപത്തെ വീടുകൾക്കും ഭീഷണിയായി. ഒരു മാസംമുമ്പ് ഇതുസംബന്ധിച്ച് വിവിധ രാഷ്ട്രീയ കക്ഷികളും പഞ്ചായത്ത് ഭരണസമിതിയും പ്രതിഷേധിച്ചിരുന്നു. ആർ.ഡി.ഒ സ്ഥലം സന്ദർശിക്കുകയും മണ്ണെടുപ്പ് നിർത്തിവെപ്പിക്കുകയും റോഡ് നന്നാക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. സ്ഥലമുടമക്കും മണ്ണെടുപ്പുകാരനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ടുപേരും ഒളിവിലായിരുന്നു. പ്രതിഷേധക്കാരുടെ ശ്രദ്ധ തിരിഞ്ഞുവെന്ന കണക്കുകൂട്ടലിലാണ് സാമഗ്രികൾ കടത്താൻ ശ്രമിച്ചത്. റോഡ് നന്നാക്കാതെ മണ്ണെടുപ്പുകാരന് ഒത്താശചെയ്തുകൊടുക്കുന്ന പൊലീസ് ആർ.ഡി.ഒയുടെ നിർദേശത്തെയാണ് തള്ളിയതെന്ന് കോൺഗ്രസ് ആരോപിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മണ്ണെടുത്തിരുന്ന മണ്ണുമാന്തി ഉൾപ്പെടെയുള്ള വാഹനങ്ങളും ഉപകരണങ്ങളും മണ്ണെടുത്ത സ്ഥലത്തുനിന്ന് ഉടമ കൊണ്ടുപോകാൻ ശ്രമിച്ചത്. വിവരമറിഞ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. വിനു, മുൻ പഞ്ചായത്ത് പ്രസിഡൻറ് അനിൽ പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ അധികൃതരെത്തി തടയുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അനിൽ പുളിക്കൽ ഉൾപ്പെടെയുള്ള ഭാരവാഹികളെ മർദിച്ച് വലിച്ചിഴക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. പഞ്ചായത്തംഗങ്ങളായ പി.എം. സിദ്ദീഖ്, ലളിത മോഹൻദാസ്, ഇന്ദിര ജനാർദനൻ, ബിന്ദു പ്രദീപ്, കെ.വി. സുകുമാരൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.ജെ. യദുകൃഷ്ണ, െഎ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡൻറ് ഇ.വി. ധർമൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സുബില പ്രസാദ്, ഭാരവാഹികളായ പി.വി. ജനാർദനൻ, എം.എ. ഇസ്മായിൽ, വിപുൽ വടക്കൂട്ട്, പ്രസാദ്, ശ്രീധർശ് എന്നിവരെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. നാലമ്പല ദർശന കാലമായതിനാൽ ശ്രീരാമക്ഷേത്ര പരിസരത്തെ ഹർത്താലിൽനിന്ന് ഒഴിവാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.