വിദ്യാര്‍ഥി വിവരം നല്‍കി; കഞ്ചാവുമായി യുവാവ് പിടിയില്‍

തൃശൂര്‍: മോഡല്‍ ബോയ്സ് സ്കൂള്‍ വിദ്യാര്‍ഥികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എക്സൈസ് കഞ്ചാവ് വില്‍പനക്കാരനെ പിടികൂടി. തൃശൂര്‍ പാലസ് ഗ്രൗണ്ടിനടുത്ത് കാറില്‍ കഞ്ചാവ് വിറ്റ പ്രബീഷാണ് (26) പിടിയിലായത്. ഇയാളില്‍നിന്ന് ഒരു കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു. വിവരങ്ങള്‍ നല്‍കിയതിന് ലയണ്‍സ് ക്ളബ് ഓഫ് ട്രിച്ചൂര്‍ ഏര്‍പ്പെടുത്തിയ 5,000 രൂപയുടെ പുരസ്കാരം മോഡല്‍ ബോയ്സ് സ്കൂളിന് എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ എന്‍. സലീം കൈമാറി. ലഹരി വസ്തുക്കള്‍ എത്തിക്കുന്നവരെ പിടികൂടാന്‍ സ്കൂള്‍ കേന്ദ്രീകരിച്ച് ലയണ്‍സ് ക്ളബ് ഒരുക്കിയ ഇന്‍ഫര്‍മേഷന്‍ ബോക്സിലൂടെയാണ് വിദ്യാര്‍ഥികള്‍ വിവരം നല്‍കിയത്. ബോക്സില്‍ ലഭിക്കുന്ന വിവരങ്ങള്‍ എക്സൈസ് വകുപ്പിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ലഭിച്ച കുറിപ്പിന്‍െറ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്തപ്പോള്‍ കഞ്ചാവ് മാഫിയാ സംഘത്തെക്കുറിച്ച് കൂടുതല്‍ വിവരം ലഭിച്ചതായി എക്സൈസ് ഇന്‍സ്പെക്ടര്‍ പത്മകുമാര്‍ പറഞ്ഞു. പ്രധാനാധ്യാപിക എം.ആര്‍. ജയശ്രീ അധ്യക്ഷത വഹിച്ചു. മയക്കുമരുന്ന് മാഫിയക്കെതിരെ 62 കേസുകള്‍ ചാര്‍ജ് ചെയ്യുകയും 32 കിലോ കഞ്ചാവ് പിടിക്കുകയും ചെയ്ത സംഘത്തിന് നേതൃത്വം നല്‍കിയ സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ജി. പ്രകാശിനെ ഡെപ്യൂട്ടി കമീഷണര്‍ ആദരിച്ചു. വിവരങ്ങള്‍ നല്‍കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിച്ച പ്രധാനാധ്യാപികയെ ലയണസ് പ്രസിഡന്‍റ് ലീന ജയിംസ് പൊന്നാടയണിയിച്ചു. ലയണ്‍സ് സോണല്‍ ചെയര്‍മാന്‍ ഡോ. ജെസ്റ്റിന്‍, ലയണ്‍സ് ക്ളബ് പ്രസിഡന്‍റ് ജയിംസ് വളപ്പില, ഡിസ്ട്രിക്റ്റ് ലീഡര്‍ഷിപ് അഡൈ്വസര്‍ ടി. ജയകൃഷ്ണന്‍, ജോ. കാബിനറ്റ് സെക്രട്ടറി അഡ്വ. മിക്കി നടക്കലാന്‍, സെക്രട്ടറി ജിയോ കാട്ടൂക്കാരന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.