താലപ്പൊലി മഹോത്സവത്തിന് സമാപനം

കൊടുങ്ങല്ലൂര്‍: ജനസാഗരത്തില്‍ ആനന്ദാനുഭൂതി പകര്‍ന്ന ദേശപ്പെരുമയുടെ മഹോത്സവത്തിന് സമാപനം. ആചാരാനുഷ്ഠാനങ്ങളുടെയും താളമേള വര്‍ണ ലയങ്ങളുടെയും കലാസാംസ്കാരിക പരിപാടികളുടെയും ഒപ്പം കാര്‍ണിവലും മറ്റ് വിനോദങ്ങളും വ്യാപാരങ്ങളുമെല്ലാം സമന്വയിക്കുന്ന താലപ്പൊലി മഹോത്സവമെന്നും ഉത്സവ പ്രേമികളുടെ സിരകളിലെ ആവേശമാണ്. കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രാങ്കണവും നഗരവും പരിസരങ്ങളുമെല്ലാം നിറഞ്ഞുകവിഞ്ഞ പുരുഷാരം താലപ്പൊലിയുടെ സമാപന നാളിലും മനം നിറഞ്ഞാണ് മടങ്ങിയത്. ബുധനാഴ്ച പുലര്‍ച്ചെ നടന്ന കരിമരുന്ന് പ്രയോഗത്തോടെയാണ് ഈയാണ്ടിന്‍െറ താലപ്പൊലിയുടെ ആരവമൊഴിഞ്ഞത്. പഞ്ചവാദ്യവും മേളവും നടക്കല്‍ ഡബിള്‍ തായമ്പകയും അടന്തമേളവുമെല്ലാം ശ്രീകുരുംബക്കാവില്‍ നാദബ്രഹ്മം തീര്‍ക്കുകയുണ്ടായി. എഴുന്നള്ളിപ്പിനൊപ്പം കുണിശ്ശേരി അനിയന്‍ മാരാരുടെ നേതൃത്വത്തിലായിരുന്നു പഞ്ചവാദ്യം. പിറകെ കിഴക്കൂട്ട് അനിയന്‍ മാരാരും സംഘവും മേളവും കൊട്ടിത്തിമിര്‍ത്തു. വാനില്‍ വര്‍ണഭംഗി തീര്‍ത്ത സന്ധ്യവേളയിലെ കരിമരുന്ന് പ്രയോഗം ഗംഭീരമായി. കലാസാംസ്കാരിക പരിപാടികളും ഏറെപേരെ ആകര്‍ഷിച്ചു. പുലര്‍ച്ചെ നടന്ന അവസാന എഴുന്നള്ളിപ്പിനോടൊപ്പം തൃപ്പേക്കുളം ഉണ്ണികൃഷ്ണന്‍ മാരാര്‍ അടന്തമേളം നയിച്ചു. പിന്നെ സമാപന കരിമരുന്ന് പ്രയോഗമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.