കയ്പമംഗലം: 33 കെ.വി ലൈനില്‍ തെങ്ങ് വീഴുകയും ദേശീയപാതയില്‍ വാഹനം ഇടിച്ച് വൈദ്യുതി തൂണ്‍ തകരുകയും ചെയ്തതോടെ തീരദേശത്ത് 18 മണിക്കൂര്‍ വൈദ്യുതി മുടങ്ങി. വലപ്പാട് സബ് സ്റ്റേഷന് സമീപം തിങ്കളാഴ്ച രാത്രി 11 ഓടെയാണ് 33 കെ.വി ലൈനില്‍ തെങ്ങ് വീണത്. ഇതോടെ മത്തേല, അഞ്ചങ്ങാടി, കയ്പമംഗലം സെക്ഷനുകള്‍ക്ക് കീഴിലുള്ള അഴീക്കോട് മുതല്‍ ചാമക്കാല വരെ ഭാഗങ്ങള്‍ ഇരുട്ടിലായി. കെ.എസ്.ഇ.ബി ജീവനക്കാര്‍ വിവരം അറിഞ്ഞെങ്കിലും ഇരുട്ടില്‍ തെങ്ങ് അറുത്തുമാറ്റാന്‍ കഴിയില്ലായിരുന്നു. പെരിഞ്ഞനം തൊട്ട് തെക്കോട്ടുള്ള ഭാഗങ്ങളില്‍ ബാക്ക് ഫീഡ് വഴി മറ്റു ഫീഡറുകളില്‍ നിന്ന് വൈദ്യുതി എത്തിച്ച് പ്രശ്നം പരിഹരിച്ചു. എന്നാല്‍, കയ്പമംഗലത്ത് കാട്ടൂര്‍ ഫീഡറില്‍ നിന്ന് വൈദ്യുതി എത്തിക്കാനിരിക്കെയാണ് പനമ്പിക്കുന്നില്‍ നിയന്ത്രണം വിട്ട കാര്‍ റോഡിന് കിഴക്കു ഭാഗത്തെ വൈദ്യുതി തൂണ്‍ ഇടിച്ചു തകര്‍ത്തത്. ഇതോടെ ദേശീയപാതയിലെ പ്രധാന ലൈനുകള്‍ പൂര്‍ണമായി തകരാറിലായി. മതിലകം സ്വദേശി സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നെങ്കിലും കാറിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പുലര്‍ച്ചെയോടെ വലപ്പാട് പ്രധാന ലൈനിലെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുകയും ഉച്ചയോടെ മിക്ക പ്രദേശങ്ങളിലും വൈദ്യുതി എത്തുകയും ചെയ്തു. എന്നാല്‍ പനമ്പിക്കുന്നിലെ തൂണ്‍ മാറ്റുന്ന പ്രവൃത്തി പൂര്‍ത്തിയാകാത്തതിനാല്‍ കാളമുറി, പനമ്പിക്കുന്ന്, കുറ്റിക്കാട് തുടങ്ങിയ ഭാഗങ്ങളില്‍ വൈദ്യുതി എത്തിയില്ല. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് തൂണ്‍ മാറ്റല്‍ പൂര്‍ത്തിയായത്. കെ.എസ്.ഇ.ബി കയ്പമംഗലം സെക്ഷനു കീഴില്‍ മിക്ക സമയത്തും തകരാറിലാവുന്ന ട്രാന്‍സ്ഫോര്‍മറാണ് പനമ്പിക്കുന്നിലേത്. ഇക്കാരണത്താല്‍ കാളമുറി സെന്‍റര്‍ ജുമാ മസ്ജിദ് മുതല്‍ കുറ്റിക്കാട് വരെ വൈദ്യുതി മുടക്കം പതിവാണ്. ഈ പരാതി ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ഇക്കാരണത്താല്‍ എവിടെയെങ്കിലും വെദ്യുതി തൂണ്‍ തകരുന്നതോടെ ഒരു ദിവസത്തോളം നീളുന്ന വൈദ്യുതി മുടക്കം അനുഭവിക്കാനാണ് കാളമുറിക്കാരുടെ വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.