ഒാർമകൾ ഉദിച്ചുയരുന്നുണ്ട്​; ഇൗ ആൽത്തറയിൽ ഇന്നും

തേക്കിൻകാട് മൈതാനിയിലെ മണികണ്ഠനാൽത്തറക്ക് ചുറ്റും സ്വതന്ത്രമായി വീശുന്ന കാറ്റിനെ സൂക്ഷ്മതയോടെ ചെവിയോർത്താൽ കേൾക്കാം 'ക്വിറ്റ് ഇന്ത്യ' 'ഭാരത് മാതാ കീ ജയ്' എന്ന വിളികൾ. ചോരയുടെ മണവും. സ്വാതന്ത്ര്യത്തി​െൻറ 70ാം വർഷത്തിലേക്ക് രാജ്യം കാലുവെക്കാനിരിക്കുമ്പോൾ മണികണ്ഠനാൽത്തറക്ക് പറയാനുണ്ട് സ്വാതന്ത്ര്യസമരത്തി​െൻറ തിളക്കുന്ന ഓർമകൾ. 1942 ആഗസ്റ്റ് 12. തേക്കിന്‍കാട് മൈതാനിയിലെ മണികണ്ഠനാല്‍ത്തറയിൽ മൂവര്‍ണക്കൊടി ഉയര്‍ത്താന്‍ ശ്രമിച്ച സ്വാതന്ത്ര്യസമര സേനാനികള്‍ക്കുനേരെ പൊലീസി​െൻറ നിഷ്ഠൂരമായ ലാത്തിച്ചാര്‍ജ്. പിന്മാറാതെ ആ കൗമാരക്കാർ അടിയേറ്റ് ചോരയൊലിപ്പിച്ച് കൊടി ഉയർത്തി. അതിൽ മുന്നിലുണ്ടായിരുന്നു പിന്നീട് തൃശൂരി​െൻറയും കേരളത്തി​െൻറയും ലീഡറായി മാറിയ കെ. കരുണാകരൻ. സ്വാതന്ത്ര്യ സമരചരിത്രത്തിൽ വേറിട്ടൊരു ഏടാണ് തൃശൂരിന്. ഐക്യകേരളം രൂപം കൊള്ളുന്നതിന് മുമ്പുള്ള കാലം. കൊച്ചി രാജവംശത്തി​െൻറ ഭരണത്തിലായിരുന്നു തൃശൂർ. ബ്രിട്ടീഷുകാർ നേരിട്ട് ഭരിക്കുന്നിടത്ത് മാത്രം സമരത്തിനിറങ്ങിയാൽ മതിയെന്ന ഗാന്ധിയുടെ നിർദേശമുള്ളതിനാൽ തൃശൂരിൽ കോൺഗ്രസ് രൂപപ്പെട്ടിരുന്നില്ല. എന്നാൽ തിരുവിതാംകൂറിലും മലബാറിലും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള നിലവിളികളും പ്രതിഷേധങ്ങളും ഉയർന്നു പൊങ്ങി. ആ ആവേശത്തിലേക്ക് തൃശൂരും എടുത്തുചാടുകയായിരുന്നു. സ്വാതന്ത്ര്യത്തിനായി കൊച്ചി രാജ്യ പ്രജാമണ്ഡലം അങ്ങനെ തൃശൂരിൽ രൂപംകൊണ്ടു. മണികണ്ഠനാൽത്തറയാണ് ഒരു സമരപ്രതീകം. പ്രമുഖ അഭിഭാഷകനും സോഷ്യലിസ്റ്റും അതിലുപരി കൊച്ചി പ്രധാനമന്ത്രിയുമായിരുന്ന ഇക്കണ്ടവാര്യരും സഹകരണ പ്രസ്ഥാനത്തി​െൻറ കാരണവരെന്ന വിശേഷണമുള്ള വി.ആർ. കൃഷ്ണൻ എഴുത്തച്ഛനും എസ്. നീലകണ്ഠയ്യരും കൊച്ചി രാജപരമ്പരയിലെ കണ്ണി കൂടിയായ തൃശൂരിലെ ആദ്യ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറ് കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടുമൊക്കെ ചേർന്നാണ് കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപവത്കരിച്ചത്. അവിടെനിന്ന് പനമ്പിള്ളിയും കരുണാകരനും വരെ നീളുന്ന പട്ടികയുണ്ട്, സ്വാതന്ത്ര്യ സമരചരിത്രത്തിൽ തൃശൂരി​െൻറ സംഭാവനകളായി. സ്വാതന്ത്ര്യ സമരത്തിൽ തൃശൂരി​െൻറ ഇടപെടൽ സവിശേഷമായിരുന്നു. തേക്കിൻകാടി​െൻറ മണികണ്ഠനാൽത്തറയാണ് പ്രധാനമായും സ്വാതന്ത്ര്യദാഹികളുടെ ഒത്തുചേരലി​െൻറയും പ്രക്ഷോഭത്തി​െൻറയും വേദി. ഇട്ടുമൂടാൻ പണമുള്ള തൃശൂരിലെ പ്രസിദ്ധമായ പുത്തൻപേട്ട കിഴക്കേ അങ്ങാടിയിലെ പൂവത്തിങ്കൽ സെബാസ്റ്റ്യൻ ക്രൈസ്തവർക്കിടയിലെ സ്വാതന്ത്ര്യദാഹികളിൽ പ്രമുഖൻ. സെബാസ്റ്റ്യ​െൻറ കൂടി മുൻൈകയിലാണ് 1920ൽ ലോകമാന്യ 'ബാലഗംഗാധരൻ' എന്ന പത്രം ഇറക്കിയത്. ഇത് മുന്നോട്ടു വെച്ച ഏക അജണ്ട സ്വാതന്ത്ര്യമായിരുന്നു. ഒരു മുഖപ്രസംഗത്തിൽ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ കടുത്ത ഭാഷാപ്രയോഗം നടത്തിയതിന് രാജ്യദ്രോഹ കുറ്റമാരോപിച്ച് ജയിലിൽ അടച്ചപ്പോഴാണ് പത്രം നിന്നത്. വടക്കേ മലബാറിൽനിന്ന് എത്തുന്ന സ്വാതന്ത്ര്യസമര വിശേഷങ്ങളും റേഡിയോയിലൂടെ വരുന്ന സമര വാർത്തകളും മണികണ്ഠനാൽത്തറയിൽ ഉറക്കെ വായിച്ചു. പ്രക്ഷോഭകാരിയും വ്യവഹാരിയുമായി നിറഞ്ഞുനിന്ന നവാബ് അടക്കമുള്ളവർ ഇതി​െൻറ ഭാഗമായിരുന്നു. വൈകുന്നേരങ്ങളിൽ ഒത്തു കൂടുന്നവർക്ക് മുന്നിൽ ഇതര മേഖലകളിൽ നടക്കുന്ന സ്വാതന്ത്ര്യ സമരവിശേഷങ്ങൾ പങ്കുവെച്ചു. സെബാസ്റ്റ്യൻ പകൽ മുഴുവൻ പലയിടത്ത് നിന്നും ശേഖരിച്ച വിദേശവസ്ത്രങ്ങൾ കെട്ടി തലച്ചുമടായി ഇവിടെയെത്തിച്ച് കത്തിച്ചു. വിദേശ വസ്ത്ര ബഹിഷ്കരണത്തിന് കൂടുതൽ തീവ്രത നൽകിയ സമരമുഖമായിരുന്നു അത്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനോടും പിതാവ് മോത്തിലാലിനോടും സരോജിനി നായിഡുവിനോടും ഏറെ അടുപ്പമുണ്ടായിരുന്ന സെബാസ്റ്റ്യനായിരുന്നു പലപ്പോഴും ഗാന്ധിയുടെ തൃശൂർ സന്ദർശനത്തിൽ വഴികാട്ടി. ലക്ഷ്യം പൂർത്തിയാക്കി പിരിച്ചുവിട്ട ആദ്യ സംഘടനയെന്നതും കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന് അവകാശപ്പെട്ടതാണ്. സ്വാതന്ത്ര്യത്തിന് ശേഷം കൊച്ചി രാജ്യ പ്രജാമണ്ഡലം പിന്നീട് കോൺഗ്രസിൽ ലയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.