കരാര്‍ കമ്പനി മുങ്ങി; ജലവിതരണത്തിന് ബള്‍ക് മീറ്റര്‍ സ്ഥാപിക്കല്‍ മുടങ്ങി

തൃശൂര്‍: നഗരത്തില്‍ ജലവിതരണ ക്രമക്കേട് തടയാന്‍ ബള്‍ക് വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കുന്ന പ്രവൃത്തി നിലച്ചു. തൃശൂര്‍ വാട്ടര്‍ സപൈ്ള പദ്ധതിയില്‍ പൈപ്പ് ലൈനുകളില്‍ ബള്‍ക് വാട്ടര്‍ മീറ്ററുകള്‍ സ്ഥാപിക്കാന്‍ മൂന്നുമാസം മുമ്പ് ആരംഭിച്ച നടപടിയാണ് നിലച്ചത്. 21 മീറ്ററുകളില്‍ ആറെണ്ണം സ്ഥാപിച്ച് കരാര്‍ കമ്പനി സ്ഥലം വിട്ടു. പഴയ നഗരസഭ പ്രദേശത്തേക്ക് വാട്ടര്‍ അതോറിറ്റി വെള്ളം നല്‍കുന്നത് തേക്കിന്‍കാട് മൈതാനത്തെ ടാങ്കുകള്‍ വഴിയാണ്. ടാങ്കുകളില്‍നിന്നു വെള്ളം പുറത്തേക്കൊഴുകുന്ന 600 എം.എം പൈപ്പുലൈനില്‍ ഒരു ബള്‍ക് മീറ്റര്‍ സ്ഥാപിച്ചാല്‍ അതോറിറ്റി കോര്‍പറേഷന് നല്‍കുന്ന വെള്ളത്തിന്‍െറ അളവ് അറിയാം. അതോറിറ്റി കള്ളക്കണക്ക് നല്‍കി കോര്‍പറേഷനെ ചൂഷണം ചെയ്യുന്നെന്ന് കണ്ടത്തെിയ സാഹചര്യത്തിലാണ് ബള്‍ക് മീറ്റര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. വര്‍ഷങ്ങളായുള്ള നഗരസഭയുടെ ആവശ്യമായിരുന്നെങ്കിലും അതോറിറ്റി അവഗണിക്കുകയായിരുന്നു. അമൃതം പദ്ധതിയില്‍ കോര്‍പറേഷന്‍ പണം മുടക്കി ബള്‍ക് മീറ്റര്‍ സ്ഥാപിക്കാന്‍ തിരുമാനിച്ചതോടെയാണ് തിരുവനന്തപുരത്തെ സ്ഥാപനത്തിന് അതോറിറ്റി കരാര്‍ നല്‍കിയത്. ഒരു മാസം കൊണ്ട് 21 മീറ്ററുകള്‍ സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഒരാഴ്ചകൊണ്ട് ചേറൂര്‍, മണ്ണുത്തിവട്ട, കല്ല്, കണിമംഗലം, ആനകൊട്ടില്‍ എന്നിവിടങ്ങളിലായി ആറ് മീറ്ററുകള്‍ സ്ഥാപിച്ച് പണി നിര്‍ത്തി. സംസ്ഥാനത്ത് മറ്റെല്ലായിടത്തും മീറ്റര്‍ ഘടിപ്പിക്കല്‍ പൂര്‍ത്തിയായി. പദ്ധതിയുടെ ടെന്‍ഡര്‍ നടപടിപോലും കോര്‍പറേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ല. മാസം പിന്നിട്ടെങ്കിലും കഴിഞ്ഞ ദിവസമാണ് കരാര്‍ കമ്പനി സ്ഥലം വിട്ട കാര്യം കോര്‍പറേഷനും വാട്ടര്‍ അതോറിറ്റിയും അറിഞ്ഞത്. പണി പൂര്‍ത്തിയാക്കാന്‍ കരാറുകാരനില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് വാട്ടര്‍ അതോറിറ്റി പറയുന്നു. മീറ്റര്‍ സ്ഥാപിക്കുന്നതിന്‍െറ യഥാര്‍ഥ ഗുണഭോക്താവ് കോര്‍പറേഷനാണെന്നിരിക്കെ സ്തംഭനം തീര്‍ക്കാനുള്ള ഇടപെടല്‍ നടത്താതെ കോര്‍പറേഷന്‍ നേതൃത്വവും അനാസ്ഥ കാട്ടുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.