തൃശൂര്‍ ഡി.സി.സി പ്രസിഡന്‍റ് : കച്ചമുറുക്കി അക്കരയും പത്മജയും

തൃശൂര്‍: ഒരു വര്‍ഷത്തേക്കെങ്കിലും തൃശൂര്‍ ഡി.സി.സി പ്രസിഡന്‍റ് സ്ഥാനം തനിക്ക് കിട്ടിയേ തീരൂ എന്ന വാശിയുമായി കരുനീക്കുന്ന സി.എന്‍. ബാലകൃഷ്ണനെതിരെ ജില്ലയിലെ ഏക കോണ്‍ഗ്രസ് എം.എല്‍.എ അനില്‍ അക്കരയും ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാലും പരസ്യമായി രംഗത്തിറങ്ങിയതോടെ കോണ്‍ഗ്രസ് ഗ്രൂപ് തര്‍ക്കം പുതിയ തലങ്ങളിലേക്ക്. വനിതകളെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍ ഡി.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്ക് വൃദ്ധന്മാര്‍ വേണ്ടെന്ന് തുറന്നടിച്ചു. യുവാക്കളെ നിയമിക്കുന്നതില്‍ തെറ്റില്ളെന്നും വനിതകള്‍ ഈ പദവിയില്‍ വരുന്നത് ദോഷമാകുമെന്ന് പറയുന്നത് ശരിയല്ളെന്നും പത്മജ പറഞ്ഞു. ഗ്രൂപ്പിന് അതീതമായ പ്രവര്‍ത്തനമാണ് വേണ്ടതെന്ന് അവര്‍ നേതൃത്വത്തെ ഓര്‍മിപ്പിച്ചു. വടക്കാഞ്ചേരി മണ്ഡലത്തില്‍ തനിക്കെതിരെ കളിച്ച സി.എന്‍. ബാലകൃഷ്ണനെതിരെ കുരുക്ക് മുറുക്കാനുള്ള നീക്കത്തിലാണ് അനില്‍ അക്കര. കഴിഞ്ഞ നിയമസഭ-പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ ശ്രമിച്ച നേതാക്കള്‍ക്കെതിരെ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അവരെ പാര്‍ട്ടി കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തരുതെന്നും ഈ വികാരം അഖിലേന്ത്യാ നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ രാഹുല്‍ഗാന്ധിയെയും എ.ഐ.സി.സി ജനറല്‍സെക്രട്ടറി മുകുള്‍ വാസ്നിക്കിനെയും നേരില്‍ കാണുമെന്ന് അറിയിച്ച അനില്‍ ലക്ഷ്യംകാണാന്‍ ഏതറ്റം വരെയും പോകാനുള്ള ഒരുക്കത്തിലാണ്. 2005ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലം മുതല്‍ ജില്ലയില്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും ഉണ്ടായ തകര്‍ച്ചയുടെ ഉത്തരവാദികളായ നേതാക്കളെ താക്കോല്‍ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നതെങ്കില്‍ ജില്ലയില്‍ കോണ്‍ഗ്രസിന്‍െറയും യു.ഡി.എഫിന്‍െറയും സര്‍വനാശത്തിനായിരിക്കും വഴിയൊരുക്കുകയെന്നും അനില്‍ മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടിയെ സജീവമാക്കാന്‍ യുവാക്കള്‍ക്കെ കഴിയൂ എന്നും 80കാരുടെ ആഗ്രഹം സാധിച്ച് കൊടുക്കാന്‍ അവരെ കെ.പി.സി.സിയിലേക്ക് പരിഗണിക്കുകയാണ് വേണ്ടതെന്നും തുറന്നടിച്ച് ഐ ഗ്രൂപ് നേതാവായ വി. ബാലറാം കഴിഞ്ഞ ദിവസം രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് അനിലിന്‍െറയും പത്മജയുടെയും വരവ്. എ ഗ്രൂപ്പുകാരനാണ് അനില്‍ അക്കരയെങ്കിലും വടക്കാഞ്ചേരിയിലെ സ്ഥാനാര്‍ഥിത്വം കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനിലൂടെയാണ് സ്വന്തമായത്. സി.എന്‍. ബാലകൃഷ്ണന്‍ വിജയിച്ച മണ്ഡലത്തില്‍ 43 വോട്ടിന്‍െറ ഭൂരിപക്ഷത്തിലായിരുന്നു അനിലിന്‍െറ വിജയം. സി.എന്‍. ബാലകൃഷ്ണനും പി.എ. മാധവനും തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന് അനില്‍ പിന്നീട് ആരോപിച്ചിരുന്നു. അനിലിന്‍െറ വാദത്തിലൂടെ ഡി.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്ക് അവകാശവാദമുന്നയിക്കുന്ന എ ഗ്രൂപ് നേതാവും നിലവിലെ ഡി.സി.സി പ്രസിഡന്‍റുമായ പി.എ. മാധവന് എതിരെ കൂടിയാണ് നീക്കം. സ്ത്രീകളെ പരിഗണിക്കാനുള്ള സാഹചര്യങ്ങള്‍ കുറവാണെന്ന പ്രതികരണത്തോടെ പത്മജയുടെ സാധ്യതകളെ ഐ ഗ്രൂപ് തള്ളുമ്പോഴാണ് അവകാശവാദം മുറുക്കി അവര്‍ സജീവമായത്. എ, ഐ ഗ്രൂപ്പുകള്‍ പരസ്യ പോര്‍മുഖം തുറന്നിട്ടിരിക്കുന്നതിനിടയില്‍ രഹസ്യനീക്കങ്ങളിലൂടെ ടി.എന്‍. പ്രതാപന്‍ ജില്ല പ്രസിഡന്‍റ് പദവിക്കു വേണ്ടി കരുനീക്കം സജീവമാക്കി. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ പ്രതിപുരുഷന്‍ എന്ന നിലയിലും കോണ്‍ഗ്രസിലെ രണ്ടാമത്തെ ആദര്‍ശധീരന്‍ എന്ന് ഡല്‍ഹിയിലുള്ള പ്രതിഛായയുമാണ് പ്രതാപന്‍ പ്രയോഗിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.