ക്വാറി ഖനനത്തിന് നികുതിയിളവ് : ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് കേസ്

തൃശൂര്‍: സര്‍ക്കാര്‍ ഭൂമിയിലെ ക്വാറികളില്‍ ഖനനം ചെയ്ത കരിങ്കല്ലിന് നികുതിയിളവ് നല്‍കിയ തൃശൂര്‍ താലൂക്ക് മൂന്ന് മുന്‍ അഡീഷനല്‍ തഹസില്‍ദാര്‍മാര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. ഇളവ് നേടിയ ക്വാറി ഉടമക്കെതിരെയും കേസെടുത്തിട്ടുണ്ട്. കിള്ളന്നൂരില്‍ പ്രവര്‍ത്തിക്കുന്ന കെ.ജെ. വാസുദേവന്‍ നായര്‍ ഗ്രാനൈറ്റ് കമ്പനിക്ക് നികുതിയിളവ് നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ സര്‍ക്കാറിന് രണ്ടുകോടിയുടെ നഷ്ടം വരുത്തിവെച്ച മുന്‍ അഡീഷനല്‍ തഹസില്‍ദാര്‍മാരായ കെ.വി. ശശി, കെ.വി. വിജയന്‍, എസ്. ശൈഖ് അസ്ഹര്‍ ഹുസൈന്‍, ബി ടു സെക്ഷന്‍ ക്ളര്‍ക്ക് കെ.എസ്. രാജി, മാനേജിങ് പാര്‍ട്ണര്‍ കെ.ജെ. വാസുദേവന്‍ നായര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കമ്പനിയുടെ മാനേജിങ് പാര്‍ട്ണറുമായി ചേര്‍ന്ന് ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയും വസ്തുതകള്‍ മറച്ചുവെച്ചുമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോടികളുടെ നഷ്ടം ഉണ്ടാക്കിയത്. നിയമാനസൃതം ഒരു മെട്രിക് ടണിന് 200 രൂപയാണ് നികുതി ഈടാക്കേണ്ടത്. എന്നാല്‍, 2015 ഫെബ്രുവരി രണ്ടുവരെ മെട്രിക് ടണിന് 2.50 രൂപയാണ് ഈടാക്കിയത്. കഴിഞ്ഞ ഫെബ്രുവരി 18ന് ഈ തുക 50 രൂപയാക്കി സര്‍ക്കാര്‍ കുറച്ചിട്ടുമുണ്ട്. കമ്പനിക്ക് 2007 മുതല്‍ അനുവദിച്ചിട്ടുള്ള മറ്റ് അഞ്ച് സര്‍വേകളില്‍പെട്ട ക്വാറികളുടെ ഫയലുകള്‍ താലൂക്ക് ഓഫിസില്‍നിന്ന് കാണാതായിട്ടുണ്ട്. താലൂക്ക് ഓഫിസില്‍ ഇതുമായി ബന്ധപ്പെട്ട് വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പി നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. അനുവദിച്ച അളവിനേക്കാള്‍ കൂടുതല്‍ പാറ ക്വാറിയില്‍നിന്ന് പൊട്ടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നും ഇക്കാര്യം വിശദമായി പരിശോധിക്കണമെന്നും വിജിലന്‍സ് ഡയറക്ടര്‍ക്കും എറണാകുളം റേഞ്ച് വിജിലന്‍സ് പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.