ജലലഭ്യത പരിശോധിക്കാന്‍ ഭൂജല വകുപ്പില്‍ ആളില്ല

തൃശൂര്‍: നിരവധി ജില്ലകളിലെ ജലലഭ്യത പരിശോധിക്കുന്ന തൃശൂരിലെ ഭൂജല വകുപ്പ് ഓഫിസ് പ്രവര്‍ത്തിക്കുന്നത് ജീവനക്കാരും സൗകര്യങ്ങളുമില്ലാതെ. പുതിയ സ്ഥലം അനുവദിക്കണമെന്ന അപേക്ഷയുമായി ജീവനക്കാര്‍ മുട്ടാത്ത വാതിലുകളില്ല. പൂങ്കുന്നത്തെ സീതാറാം മില്ലിന്‍െറ പഴയ കാന്‍റീന്‍ കെട്ടിടത്തില്‍ 12,069 രൂപ പ്രതിമാസ വാടകക്കാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. മഴക്കാലത്ത് ചോര്‍ന്നൊലിക്കുകയും വേനലില്‍ വെന്തുരുകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജീവനക്കാര്‍ കഴിയുന്നത്. ഓഫിസ് മാറ്റണമെന്ന് വകുപ്പുമന്ത്രി മാത്യു ടി. തോമസിനും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിനും അപേക്ഷ നല്‍കിയെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. പിരിച്ചുവിട്ട കമാന്‍ഡ് ഏരിയ ഡെവലപ്മെന്‍റ് അതോറിറ്റിയുടെ (കാഡ) ചെമ്പൂക്കാവിലെ മൂന്നുനില കെട്ടിടത്തിന്‍െറ ഒരുനില നല്‍കണമെന്ന അപേക്ഷയില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഭൂജല വകുപ്പിന് കെട്ടിടം നല്‍കാനാകില്ളെന്ന നിലപാടാണ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ സ്വീകരിച്ചത്. നേരത്തേ, കലക്ടറേറ്റിലേക്ക് മാറ്റണമെന്ന ആവശ്യവും നിരസിച്ചു. ഭൂജല വകുപ്പിന്‍െറ ഓഫിസില്‍ വര്‍ഷങ്ങളായി സിവില്‍ വിഭാഗം അസി. എന്‍ജിനീയറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. മെക്കാനിക്കല്‍ അസി. എന്‍ജിനീയറുടെ തസ്തികയിലും ആളില്ല. അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ വിരമിച്ചതോടെ നേരത്തേ അസി. എന്‍ജിനീയര്‍ തസ്തികയില്‍ ഉണ്ടായ വ്യക്തിക്ക് അസി. എക്സിക്യൂട്ടിവ് എന്‍ജിനീയറായി സ്ഥാനക്കയറ്റം നല്‍കി. നിലവില്‍ ചീഫ് എന്‍ജിനീയര്‍ക്ക് പുറമേ അസി. എക്സിക്യൂട്ടിവ് എന്‍ജിനീയറും ഡ്രാഫ്റ്റ്സ്മാനും ഡ്രില്ലര്‍മാരുമാണുള്ളത്. ജലലഭ്യത പരിശോധിക്കുന്ന ഉപകരണം മുമ്പ് തൃശൂരില്‍ മാത്രമാണ് ഉണ്ടായിരുന്നത്. നിലവില്‍ മലപ്പുറത്തും ഇടുക്കിയിലും കോട്ടയത്തും ഉപകരണം ഉണ്ടെങ്കിലും ബാക്കി ജില്ലകളിലെ പരിശോധന തൃശൂരില്‍ തന്നെയാണ്. ഭൂഗര്‍ഭ ജലലഭ്യത എത്രയെന്ന് മനസ്സിലാക്കുകയും അടുത്ത കിണറിനെ ബാധിക്കാതെ കുഴല്‍ കിണര്‍ കുഴിക്കുന്നതിനെ കുറിച്ച് പരിശോധിച്ച് നിര്‍ദേശങ്ങള്‍ നല്‍കുകയുമാണ് ഓഫിസിന്‍െറ മുഖ്യ പ്രവര്‍ത്തനം. തദ്ദേശ സ്ഥാപനങ്ങളില്‍ വരള്‍ച്ച നിവാരണത്തിനും ഇവരെയാണ് ആശ്രയിക്കുന്നത്. ഒപ്പം സംസ്ഥാന വരള്‍ച്ച നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ നേതൃത്വം നല്‍കുന്നതും ഭൂജല വകുപ്പാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.