പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതി നിലച്ചു

കയ്പമംഗലം: പെരിഞ്ഞനം ഗ്രാമപഞ്ചായത്തില്‍ കൊട്ടിഘോഷിച്ച് തുടക്കമിട്ട കേരഗ്രാമം പദ്ധതി പാതിവഴിയില്‍ നിലച്ചു. ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്ക് ആവശ്യമായ സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയത്. പഞ്ചായത്തിലെ ഭൂരിഭാഗം കര്‍ഷകരും പദ്ധതിയില്‍ അംഗത്വമെടുത്തിരുന്നു. എന്നാല്‍, ഒമ്പത് മാസമായി പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാണെന്ന് അഴിമതിവിരുദ്ധ കര്‍ഷക സംഘാടകസമിതി ആരോപിച്ചു. കേരഗ്രാമം പദ്ധതിയുടെ ഭാഗമായി തെങ്ങിന്‍െറ മണ്ട വൃത്തിയാക്കി മരുന്ന് വെക്കുന്നതിന് കര്‍ഷകരില്‍നിന്ന് തെങ്ങ് ഒന്നിന് 47 രൂപ വീതം ഈടാക്കിയിരുന്നു. അതിന് ബില്ലും നല്‍കിയിരുന്നു. പണം സ്വരൂപിച്ച് ഒമ്പത് മാസം കഴിഞ്ഞിട്ടും പദ്ധതി തുടങ്ങിയില്ളെന്ന് അഴിമതിവിരുദ്ധ കര്‍ഷക സംഘാടകസമിതി ആരോപിച്ചു. മഴക്ക് മുമ്പെ തീര്‍ക്കേണ്ട ജോലിയാണ് തെങ്ങ് വൃത്തിയാക്കല്‍. മഴ പെയ്തുതുടങ്ങിയ സ്ഥിതിക്ക് പദ്ധതി നടക്കാന്‍ സാധ്യത കുറവാണെന്ന് കര്‍ഷകര്‍ പറയുന്നു. കര്‍ഷകര്‍ അടച്ച തുക പലിശസഹിതം തിരിച്ചുനല്‍കണമെന്ന് അഴിമതിവിരുദ്ധ കര്‍ഷക സംഘാടകസമിതി പ്രസിഡന്‍റ് സി.പി. അജയന്‍ ആവശ്യപ്പെട്ടു. അതേസമയം, പെരിഞ്ഞനം പഞ്ചായത്ത് 1, 5, 13 വാര്‍ഡുകളില്‍ പദ്ധതി നടപ്പാക്കിയെന്നും കരാര്‍ എടുത്ത തൊഴിലാളികള്‍ ഇടക്കുവെച്ച് കരാര്‍ ഒഴിവാക്കി പോയതിനാലും തെങ്ങ് കയറ്റതൊഴിലാളികളെ കിട്ടാനുള്ള പ്രയാസവും മാത്രമാണ് പദ്ധതി വൈകാന്‍ ഇടയാക്കുന്നതെന്നും ആരുടെയും പണം നഷ്ടപ്പെട്ടിട്ടില്ളെന്നും കൃഷി ഓഫിസര്‍ ജ്യോതി പി.ബിന്ദു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.