തൃശൂര്‍: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുടിവെള്ളം കിട്ടാതെ രോഗികള്‍ വലയുന്നത് സംബന്ധിച്ച് മെഡിക്കല്‍ കോളജ് സൂപ്രണ്ടില്‍നിന്ന് മനുഷ്യാവകാശ കമീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു. കുടിവെള്ളം കിട്ടാതെ തടവുകാരുടെ സെല്ലില്‍ ഉള്‍പ്പെടെയുള്ളവര്‍ വലയുന്നുവെന്നും ആശുപത്രി ശുചീകരണം താളംതെറ്റിയെന്നും വാര്‍ത്തകളെ തുടര്‍ന്നാണ് കമീഷന്‍ സ്വമേധയാ കേസെടുത്തത്. മാര്‍ച്ച് 28ന് വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് കമീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹന്‍ദാസ് ഉത്തരവിട്ടു. മെഡിക്കല്‍ കോളജില്‍ ശുദ്ധജലം ലഭിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തത് ഗൗരവത്തോടെ കാണേണ്ടതാണെന്ന് കമീഷന്‍ നിരീക്ഷിച്ചു. തടവുകാരുടെ വാര്‍ഡില്‍ വെള്ളം ലഭിക്കാത്തത് ന്യായീകരിക്കാനാവില്ല. മറ്റ് രോഗികളെപോലെ ഇവര്‍ക്ക് പുറത്തുപോയി വെള്ളം ശേഖരിക്കാനാവില്ല. അത്യാഹിത വിഭാഗത്തിന് പുറത്തുള്ള ചെറിയ പൈപ്പില്‍നിന്നാണ് കുടിവെള്ളം എടുക്കുന്നത്. ഇവിടെ മണിക്കൂറുകള്‍ വരിനില്‍ക്കണം. പ്രസവ വാര്‍ഡിലും കുട്ടികളുടെ വാര്‍ഡിലും സര്‍ജറി വാര്‍ഡിലും കഴിയുന്ന രോഗികളാണ് പ്രധാനമായും ദുരിതം അനുഭവിക്കുന്നതെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി. കോര്‍പറേഷന്‍ പരിധിയില്‍ കുരിയച്ചിറ ഗോസായിക്കുന്നില്‍ കാഴ്ചയില്ലാത്ത കണ്ണംപുഴ വാറുണ്ണിക്ക് കുടിവെള്ളത്തിന് പൈപ്പ് കണക്ഷന്‍ അനുവദിക്കാത്തത് സംബന്ധിച്ച പരാതിയില്‍ വാട്ടര്‍ അതോറിറ്റി തൃശൂര്‍ എക്സിക്യൂട്ടിവ് എന്‍ജിനീയറില്‍നിന്ന് കമീഷന്‍ റിപ്പോര്‍ട്ട് തേടി. ഗതാഗത നിയമം ലംഘിക്കുന്ന ബൈക്ക് യാത്രക്കാര്‍ പിഴയൊടുക്കാത്തതിന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുന്നുവെന്ന പരാതിയില്‍ അന്തിക്കാട് പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 42 പരാതി പരിഗണിച്ച കമീഷന്‍ നേരത്തെ നല്‍കിയ പരാതികളില്‍ രണ്ടുതവണ നോട്ടീസ് അയച്ചിട്ടും പരാതിക്കാര്‍ ഹാജരാവാത്ത 14 കേസുകള്‍ തള്ളി. എട്ട് കേസുകള്‍ വിധി പറയാന്‍ മാറ്റി. പുതിയ 15 പരാതികള്‍ ഫയലില്‍ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.