ആഹ്ളാദം പങ്കിട്ട് തിരുപ്പിറവി ആഘോഷം

തൃശൂര്‍: തിരുപ്പിറവിയുടെ സ്മരണയില്‍ നാടെങ്ങും ക്രിസ്മസ് ആഘോഷിച്ചു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായി ദേവാലയങ്ങളില്‍ തിരുപ്പിറവി ശുശ്രൂഷകള്‍ നടന്നു. ബത്ലഹേമിലെ കാലിത്തൊഴുത്തില്‍ ലോകരക്ഷകനായി ഉണ്ണിയേശു പിറന്നതിന്‍െറ സ്മരണ പുതുക്കിയാണ് ക്രൈസ്തവര്‍ ക്രിസ്മസ് ആഘോഷിക്കുന്നത്. ആഴ്ചയിലേറെയായി വീടുകളിലും തെരുവുകളിലും അലങ്കാരങ്ങള്‍ ഒരുക്കി ക്രിസ്മസ് കൂട്ടായ്മകള്‍ സജീവമായിരുന്നു. തൃശൂര്‍ ലൂര്‍ദ് കത്തീഡ്രലിലെ ശുശ്രൂഷകള്‍ക്ക് അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. കോട്ടപ്പുറം സെന്‍റ് മൈക്കിള്‍സ് കത്തീഡ്രലില്‍ ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി കാര്‍മികത്വം വഹിച്ചു. ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രലില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മര്‍ത്തമറിയം വലിയപള്ളിയില്‍ ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്ത കാര്‍മികത്വം വഹിച്ചു. പാതിരാകുര്‍ബാനയില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. കേക്ക് മുറിച്ചും മധുരം വിളമ്പിയും പടക്കം പൊട്ടിച്ചും പള്ളികളില്‍ ആഘോഷം നടന്നു. വീടുകള്‍ മുതല്‍ വഴിയോരങ്ങളില്‍വരെ പുല്‍ക്കൂടുകള്‍ ഒരുക്കിയിരുന്നു. 25 ദിവസത്തെ നോമ്പിന് പരിസമാപ്തി കുറിച്ചാണ് ക്രിസ്മസ് ആഘോഷം. കരോളുകളെ ആനയിക്കാന്‍ വീടുകള്‍ തോറും അലങ്കാരങ്ങളൊരുക്കിയിരുന്നു. ശനിയാഴ്ച രാത്രിയോടെ കരോള്‍ സംഘങ്ങള്‍ വീടുകള്‍ കയറിക്കഴിഞ്ഞു. തിരുപ്പിറവി ശുശ്രൂഷകള്‍ക്കുശേഷം പള്ളികളില്‍ കരോള്‍ ഗാനാലാപനങ്ങള്‍ നടന്നു. അഗതിമന്ദിരങ്ങളും അനാഥാലയങ്ങളും ആശുപത്രികള്‍ കേന്ദ്രീകരിച്ചും വിവിധ സംഘടനകള്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. അഗതികള്‍ക്കും അശരണര്‍ക്കുമൊപ്പം കേക്ക് മുറിച്ചും പാട്ടുപാടിയും പുതുവസ്ത്രം നല്‍കിയും നാടെങ്ങും ആഘോഷമുണ്ടായി. ഞായറാഴ്ച പകല്‍ തെരുവോരങ്ങളില്‍ കഴിയുന്നവര്‍ക്കും മറ്റുമായി നിരവധി സന്നദ്ധ കൂട്ടായ്മകള്‍ ഉച്ചഭക്ഷണം വിതരണം ചെയ്തു. നഗരത്തിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് ചൊവ്വാഴ്ച നഗരം ചുറ്റി ‘ബോണ്‍ നത്താലെ’ ക്രിസ്മസ് ഘോഷയാത്ര നടക്കും. തൃശൂര്‍ അതിരൂപതയും പൗരവാലിയും സംയുക്തമായാണ് ഘോഷയാത്ര സംഘടിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.