വയോധികയെ കെട്ടിയിട്ട് ആഭരണ കവര്‍ച്ച: നാലുപേര്‍ പിടിയില്‍

കുന്നംകുളം: എരുമപ്പെട്ടി ചിറ്റനടയില്‍ വയോധികയെ കെട്ടിയിട്ട് ആഭരണം കവര്‍ന്നത് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതികളായ നാലുപേരെ പൊലീസ് പിടികൂടി. കുന്നംകുളം മുല്ലപ്പിള്ളി വീട്ടില്‍ ഷെഫീഖ് (29), വേലൂര്‍ തയ്യൂര്‍ മടപറമ്പില്‍ വിനോദ് (30), തയ്യൂര്‍ മൂളിപറമ്പില്‍ ഷാബു (30), സഹോദരന്‍ ഷാജന്‍ (28) എന്നിവരെയാണ് കുന്നംകുളം എസ്.ഐ ടി.പി. ഫര്‍ഷാദും സംഘവും അറസ്റ്റ്ചെയ്തത്. എരുമപ്പെട്ടി ചിറ്റണ്ട കിഴക്കേതില്‍ വെള്ളത്തേരി നാരായണന്‍ നായരുടെ ഭാര്യ ശാരദയെ (78) വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കൈകാലുകള്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകി കമ്മല്‍ കവരുകയായിരുന്നു. സംഭവസമയം ശാരദയുടെ കഴുത്തിലെ നാല് പവന്‍ മാല പൊട്ടിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. അറസ്റ്റിലായ ഷാബു, ഷെഫീഖ് എന്നിവര്‍ ചേര്‍ന്നാണ് വയോധികയെ ആക്രമിച്ച് ആഭരണം കവര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. 2014 ആഗസ്റ്റിലാണ് കേസിനാസ്പദ സംഭവം. കുന്നംകുളം ട്രഷറിക്കു സമീപം ഉപയോഗിച്ച ബൈക്ക് വില്‍ക്കുന്ന കടയില്‍നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ വിനോദ് പിടിയിലായതോടെയാണ് മറ്റു കേസുകളും പുറത്തുവന്നത്. 50,000 രൂപ ബൈക്കിന് നല്‍കാമെന്ന് പറഞ്ഞാണ് കടയുടമയെ സമീപിച്ചത്. പിന്നീട് വാഹനം ഓടിച്ചുനോക്കാനെന്ന വ്യാജേന ബൈക്കുമായി മുങ്ങുകയായിരുന്നു. ഒന്നര ആഴ്ച മുമ്പാണ് കേസിനാസ്പദ സംഭവം. സംശയാസ്പദമായ നിലയില്‍ മോഷണത്തിന് ഉപയോഗിക്കുന്ന സാമഗ്രികളുമായാണ് ഷാജനെ പൊലീസ് പിടികൂടിയത്. പ്രതികള്‍ക്ക് പരസ്പരം ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. കേച്ചേരി തലക്കോട്ടുകരയില്‍നിന്ന് റബര്‍ഷീറ്റ്, മലപ്പുറം തിരൂരില്‍നിന്ന് ബൈക്ക്, മൊബൈല്‍ ഫോണുകളും മോഷ്ടിച്ച കേസിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ വിനോദ് 13 മോഷണക്കേസുകളിലും ഷാബു എട്ട് മോഷണക്കേസിലും ഷാജന്‍ അഞ്ച് കേസിലും പ്രതിയാണ്. ഷെഫീഖിന്‍െറ പേരില്‍ വധശ്രമക്കേസും നിലവിലുണ്ട്. ജില്ലയിലും പുറത്തുമുള്ള വിവിധ സ്റ്റേഷനുകളിലാണ് ഇവര്‍ക്കെതിരെ കേസുള്ളത്. അറസ്റ്റിലായ ഷാബു കാവടിയാട്ടക്കാരനാണ്. പ്രതികളെ കുന്നംകുളം കോടതി റിമാന്‍ഡ് ചെയ്തു. പൊലീസ് സംഘത്തില്‍ സീനിയര്‍ സി.പി.ഒമാരായ സജീവ്, ആരിഫ് എന്നിവരുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.