ചാവക്കാട് നഗരസഭാ കൗണ്‍സില്‍: ക്ളീന്‍ കേരള കമ്പനിയുമായി സഹകരിച്ച് ഇ-മാലിന്യം സംസ്കരിക്കും

ചാവക്കാട്: നഗരസഭയിലെ ഇ-വേസ്റ്റ് ക്ളീന്‍ കേരള കമ്പനിയുമായി സഹകരിച്ച് സംസ്കരിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. കിലോക്ക് 10 രൂപ നിരക്കിലാണ് ക്ളീന്‍ കേരള കമ്പനി ഇ-മാലിന്യങ്ങള്‍ സ്വീകരിക്കുന്നത്. അറവുശാലയുടെ വികസനത്തിനായി മുന്‍ഭാഗത്തെ നാല് സെന്‍റ് സ്ഥലം ഏറ്റെടുക്കാനും ചെയര്‍മാന്‍ എന്‍.കെ. അക്ബറിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ നഗരസഭക്ക് കൈമാറിയ പുത്തന്‍കടപ്പുറത്ത് നിര്‍മിച്ച സോളാര്‍ ഫിഷ് ഡ്രൈയിങ് യൂനിറ്റ് ഏറ്റെടുക്കും. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ചെയര്‍മാന്‍ അധ്യക്ഷനായ ഒരു ട്രാഫിക് ക്രമീകരണ സമിതി രൂപവത്കരിക്കും. കേരള പൊലീസ് ആക്ട് പ്രകാരമാണ് സമിതിയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുക. പട്ടികജാതി വികസനം കോര്‍പ്പസ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭാ പരിധിയിലെ പട്ടികജാതി സങ്കേതങ്ങളുടെ വികസനത്തിനായുള്ള കുടിവെള്ളം, ഗതാഗതം, വൈദ്യുതി എന്നിവക്ക് മുന്‍ഗണന നല്‍കുന്ന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള കത്ത് ലഭിച്ചതായി ചെയര്‍മാന്‍ യോഗത്തെ അറിയിച്ചു. അഞ്ച് മുതല്‍ 25 ലക്ഷം വരെ അടങ്കല്‍ വരുന്ന പ്രവൃത്തികള്‍ക്കാണ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.